പത്രസമ്മേളനം വിളിച്ച് ഭർത്താവിൻ്റെ മരണത്തിൽ യുവതി സംശയമുന്നയിച്ചു :അറസ്റ്റിലായത് യുവതിതന്നെ !

ബെംഗളൂരു: ഭർത്താവിനെ കൊല്ലിച്ച് ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ‘ നാടകം ‘ കളിച്ച സ്ത്രീയെ പൊലീസ് ഒടുവിൽ അറസ്റ്റുചെയ്തു.ബെംഗളൂരു ചന്നപട്ടണ മകാലി സ്വദേശി ലോകേഷിനെ (45) ജൂൺ 24ന് കൃഷ്ണപൂർ ഗ്രാമത്തിൽ കാറിൽ ദുരൂഹമായ നിലയിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പത്രസമ്മേളനം വിളിച്ച് ഭർത്താവിൻ്റെ മരണത്തിൽ ചില സംശങ്ങൾ ഉന്നയിച്ച ചന്ദ്രകല മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതിയും നൽകി.
മരിച്ച ലോകേഷിൻ്റെ ശരീരത്തിൽ മുറിവുകളൊന്നുമില്ലായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും എഫ്എസ്എൽ റിപ്പോർട്ടിലും വിഷം കഴിച്ചതാണ് മരണ കാരണം എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ചന്ദ്രകല ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ അന്വേഷിക്കാൻ തീരുമാനിച്ച പൊലീസിന് അന്യേഷണത്തിനിടയിലുണ്ടായ ചില സംശയങ്ങളാണ് ‘ കള്ളൻ കപ്പലിൽ തന്നെ ‘എന്ന കണ്ടെത്തലിലേക്ക് എത്തിച്ചേരാൻ കാരണമായത്. ചന്ദ്രകലയുടെ മൊബൈൽ പരിശോധിച്ചപ്പോൾ സംഭവം നടന്ന ദിവസത്തെ കോള്‍ ലിസ്റ്റിലാണ് ആദ്യം സംശയം ഉടലെടുക്കുന്നത്. തുടർന്ന് പൊലീസ് ഫോണ്‍ കേന്ദ്രീകരിച്ച് സമഗ്രമായ അന്വേഷണവുമായി മുന്നോട്ട് പോയി.കോള്‍ലിസ്റ്റിൽ കണ്ട നമ്പറുകളിൽ ചിലത് ക്വട്ടേഷൻ സംഘവുമായി ബന്ധമുള്ളവരാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൂടാതെ ചന്ദ്രകല 3.5 ലക്ഷം രൂപ ക്വട്ടേഷൻ സംഘത്തിന് കൈമാറിയതായും അന്വേഷണത്തിൽ തെളിഞ്ഞു.
മൊബൈലിൽ കണ്ട നമ്പറിൻ്റെ അടിസ്ഥാനത്തിൽ കൊട്ടേഷൻ സംഘം നേതാവായ യോഗേഷ് എൻപി, ശാന്തരാജു എൻഎസ് എന്ന സന്തോഷ്, സാര്യ എന്ന സാര്യ കുമാർ, ശിവലിംഗ എന്ന ശിവ, ചന്ദൻ കുമാർ എന്നിവരെ പൊലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ചന്ദ്രകല കുറ്റസമ്മതം നടത്തുന്നത്.ഭർത്താവ് തന്നെ സ്ഥിരമായി മർദിക്കാറുണ്ടായിരുന്നുവെന്നും ഇത് സഹിക്കവയ്യാതെയാണ് കൃത്യം ചെയ്തതെന്നും അന്വേഷണ സംഘത്തോട് ചന്ദ്രകല മൊഴി നൽകി.യോഗേഷും കൂട്ടാളികളും ലോകേഷിനെ പിന്തുടർന്ന് ചന്നപട്ടണ-രാമനഗര അതിർത്തിയിലുള്ള കൃഷ്ണപുര എന്ന ഗ്രാമത്തിന് സമീപം തടയുകയായിരുന്നു. തുടർന്ന് നിർബന്ധിച്ച് വിഷം നൽകി. മരണം ഉറപ്പാക്കിയ ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് കാറിൽ മൃതദേഹം ഉപേക്ഷിച്ച് സംഘം കടന്നുകളയുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പറായ ചന്ദ്രകല ഉൾപ്പെടെ ആറ് പേരെയും ചന്നപട്ടണ പൊലീസ് അറസ്റ്റുചെയ്തു .ഒരാൾ ഒളിവിലാണ്.
പിടിക്കപ്പെടില്ലെന്ന അമിതമായ ആത്മവിശ്വാസം ഒടുവിൽ വിനയായി മാറുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.