‘വിജയ്‌യ്ക്കൊപ്പം ഇനി അഭിനയിക്കാനാകില്ലല്ലോ?, ഒരവസരം ലഭിച്ചിരുന്നെങ്കിൽ’; മമിതയുടേത് സ്വപ്ന സാഫല്യം
ഇഷ്ടതാരമായ വിജയ്‌യ്ക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് മമിത ബൈജു. മമിതയെ സംബന്ധിച്ച് സ്വപ്നം സത്യമാകുന്ന മുഹൂര്‍ത്തം കൂടിയാണ് ഇത്. വിജയ്‌യുടെ കടുത്ത ആരാധികയായ മമിത അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാന്‍ തനിക്കേറെ ആഗ്രഹം ഉണ്ടായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിജയ് രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച സമയത്ത് ഇനിയതിന് സാധിക്കില്ലല്ലോ എന്ന വിഷമമുണ്ടായിരുന്നുവെന്നും നടനെ മിസ് ചെയ്യുമെന്നും പറയുകയുണ്ടായി.
‘‘വിജയ് സാറിന്‍റെ കൂടെ ഒരു പടമൊക്കെ ചെയ്യാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് ഇനിയിപ്പോള്‍ (രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച സാഹചര്യത്തില്‍) നടക്കില്ലല്ലോ. ഞാന്‍ പ്രതീക്ഷിക്കാത്ത സമയത്താണ് മറ്റൊരു സൂപ്പര്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ എനിക്ക് അവസരം വരുന്നത്. അപ്പോള്‍ വിജയ് സാറിന്‍റെ കൂടെയും അഭിനയിക്കാന്‍ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഇവരൊക്കെ തിയറ്ററില്‍ ഉണ്ടാക്കുന്ന ഒരു ഓളം ഉണ്ടല്ലോ. വിജയ് സാറിന്‍റെ പടങ്ങളൊക്കെ തിയറ്ററുകളില്‍ ആഘോഷിക്കപ്പെടുകയാണ്. അതൊക്കെ ഭയങ്കരമായിട്ട് മിസ് ചെയ്യും. ഞാനൊക്കെ കണ്ട് വളര്‍ന്നത് ഇവരുടെയൊക്കെ പടങ്ങള്‍ ആണല്ലോ. ഗില്ലി തൊട്ട് ഞാന്‍ കട്ട ഫാന്‍ ആണ്.
അതൊക്കെ ഇനി ഉണ്ടാവില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു വിഷമം. അത് മിസ് ചെയ്യും.’’– പ്രേമലുവിന്‍റെ പ്രി റിലീസ് പ്രമോഷന്‍റെ ഭാഗമായി നല്‍കിയ ഒരു അഭിമുഖത്തിലാണ് മമിത ഇപ്രകാരം പറഞ്ഞത്.വിജയ് ചിത്രത്തിന്റെ പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും മമിത പങ്കുവച്ചിട്ടുണ്ട്. തമിഴ് സൂപ്പര്‍താരം വിജയ്‍യുടെ കരിയറിലെ അവസാന ചിത്രമാവുമെന്ന് കരുതപ്പെടുന്ന ദളപതി 69 ന് ചെന്നൈയിലാണ് തുടക്കമായത്. മലയാളത്തില്‍ നിന്നും മമിത ബൈജുവും നരേനും പ്രിയാമണിയും പ്രധാന വേഷങ്ങളിലെത്തുന്നു.
ബോബി ഡിയോൾ ആണ് വില്ലൻ വേഷത്തിൽ. നായികയായി പൂജ ഹെഗ്ഡെ എത്തുന്നു. ഗൗതം മേനോൻ, പ്രകാശ് എന്നിവരാണ് മറ്റ് താരങ്ങൾ. സത്യന്‍ സൂര്യനാണ് ഛായാഗ്രഹണം. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്. അനൽ അരസ് സംഘട്ടനം.വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ചിത്രം നിർമ്മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.അനിരുദ്ധ് രവിചന്ദർ ആണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും.