ചൂട് കുറഞ്ഞു അബുദാബി; വിസ്മയ കാഴ്ചകളുടെ കലവറയുമായി ഉല്ലാസകേന്ദ്രങ്ങൾ
അബുദാബി ∙ യുഎഇയിൽ ശരത്കാലത്തിന് തുടക്കമായതോടെ ഔട്ട് ഡോർ വിനോദ പരിപാടികൾ സജീവമാകുന്നു. കൊടുംചൂടിൽ വീടുകളിലും ഷോപ്പിങ് മാളുകളിലുമായി കഴിഞ്ഞവർ ഇനി പുറത്തിറങ്ങി ഉല്ലസിക്കും. കാലാവസ്ഥ അനുകൂലമായതോടെ ഇനി വാരാന്ത്യങ്ങളിൽ പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലും തിരക്കേറും. ചൂടിലേക്ക് കടക്കുന്ന മാർച്ച് അവസാനം വരെ ഇതു തുടരും. കുടുംബമായി കഴിയുന്നവരുടെ വാരാന്ത്യങ്ങൾ അവിസ്മരണീയമാകുന്ന നാളുകൾ കൂടിയാണ് ശൈത്യകാലം.
∙ ഷാർജ സഫാരി പാർക്ക്
ഷാർജ സഫാരി പാർക്ക് ഇന്ന് സന്ദർകർക്കായി തുറക്കും. ആഫ്രിക്കൻ മൃഗങ്ങളുടെയും പക്ഷികളുടെയും വേറിട്ട പ്രദർശനവുമായാണ് പാർക്ക് സന്ദർശകരെ ആകർഷിക്കുന്നത്.
പക്ഷികളും മൃഗങ്ങളുമായി പാർക്കിൽ ജനിച്ച മുന്നൂറിലേറെ നവാഗതരും ഇത്തവണയുണ്ട്. അൽദെയ്ദിലെ അൽ ബ്രിഡി നാച്വറൽ റിസർവിനുള്ളിൽ 8 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ് പാർക്ക്. പ്രവേശനം രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ.
∙ഗ്ലോബൽ വില്ലേജ്
വിസ്മയ കാഴ്ചകളുടെ കലവറയുമായി ഗ്ലോബൽ വില്ലേജ് ഒക്ടോബർ 16ന് തുറക്കും. ഇന്ത്യ ഉൾപ്പെടെ 78 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള 26 പവിലിയനുകളിലൂടെ വിവിധ രാജ്യങ്ങളുടെ കലാസാംസ്കാരിക, ഭക്ഷണ രീതികൾ അടുത്തറിയാൻ ഇവിടെ എത്തിയാൽ മതി. മേയ് 11 വരെ നീളുന്ന ആഗോള ഗ്രാമത്തിലേക്ക് ഒരു കോടി സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. കലാസാംസ്കാരിക പരിപാടികൾ, തെരുവ് പ്രകടനങ്ങൾ, ജലധാര, സ്റ്റണ്ട് ഷോ, കാർട്ടൂൺ മേളകൾ തുടങ്ങി രാജ്യാന്തര കലാകാരന്മാർ അവതരിപ്പിക്കുന്ന ഒട്ടേറെ കലാവിരുന്ന് സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം വൈകിട്ട് 4 മുതൽ രാത്രി 12 വരെ. വിശേഷ ദിവസങ്ങളിൽ പുലർച്ചെ ഒന്നുരെയും.
∙ഗാർഡൻ ഗ്ലോ
അത്ഭുതക്കാഴ്ചകളുടെ വർണ പ്രപഞ്ചവുമായി ദുബായ് സബീൽ പാർക്കിൽ ഈ മാസം 11ന് ഗാർഡൻ ഗ്ലോ തുറന്നിരുന്നു. രാപകൽ വ്യത്യസ്ത കാഴ്ചകൾ സമ്മാനിക്കുന്ന തിളങ്ങുന്ന ഉദ്യാനത്തിൽ 5 വിഭാഗങ്ങളിലായി 500ലേറെ കലാസൃഷ്ടികളും ഒരുക്കിയിട്ടുണ്ട്. ഒരു കോടിയിലേറെ എൽഇഡി ലൈറ്റുകൾ കൊണ്ടാണ് വർണലോകം ഒരുക്കിയിരിക്കുന്നത്. ഗേറ്റ് 6, 7 ഗേറ്റുകളിലൂടെ അകത്തുകടന്നാൽ ഗാർഡൻ ഗ്ലോയിലെത്താം. പ്രവേശനം ഞായർ മുതൽ വെള്ളി വരെ വൈകിട്ട് 5 മുതൽ രാത്രി 10 വരെ. ശനിയും പൊതു അവധി ദിവസങ്ങളിലും രാത്രി 12 വരെ.
∙ദുബായ് സഫാരി പാർക്ക്
മധ്യപൂർവദേശത്ത് ഇതുവരെ കണ്ടിട്ടില്ലാത്ത പുത്തൻ കാഴ്ചകളുമായി ദുബായ് സഫാരി പാർക്ക് ഒക്ടോബർ ഒന്നിനു തുറക്കും. അൽവർഖ അഞ്ചിൽ വെള്ളച്ചാട്ടങ്ങളും കുന്നുകളും കാടും ഉൾപ്പെടെ വ്യത്യസ്ത മൃഗങ്ങൾക്കുള്ള തനത് ആവാസ വ്യവസ്ഥ ഒരുക്കിയ സഫാരി പാർക്കിൽ വാലില്ലാ കുരങ്ങ്, ആന, സിംഹം, പുലി, കരടി, കടുവ തുടങ്ങി മൂവായിരത്തിലേറെ വന്യമൃഗങ്ങളെയും പക്ഷികളെയും കാണാം. ഇഷ്ടമൃഗങ്ങളെ താലോലിക്കാനും തീറ്റ കൊടുക്കാനും ഫോട്ടോ എടുക്കാനും അവസരമുണ്ട്. ഇലക്ട്രിക് ട്രെയിനിലിരുന്ന് ആഫ്രിക്കൻ വില്ലേജ്, എക്സ്പ്ലോറർ വില്ലേജ്, സഫാരി ജേണി, ഏഷ്യൻ വില്ലേജ്, അറേബ്യൻ ഡസർട്ട്സഫാരി, കിഡ്സ് ഫാം എന്നീ 6 സോണുകളിലൂടെ സഞ്ചരിച്ച് മൃഗങ്ങളെ കണ്ട് ആസ്വദിക്കാം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണു പ്രവേശനം.
∙ ഹത്ത
സാഹസിക വിനോദ സഞ്ചാരികൾക്കായി ഹത്തയും ഒരുങ്ങി. മലകയറ്റം, സൈക്കിൾ, ബൈക്ക് സവാരി, ഫ്രീഫാൾ ജംപ്, സിപ് ലൈൻ റൈഡ് തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഒരുപിടി വിനോദപരിപാടികൾ ഇവിടെയുണ്ട്. ഒക്ടോബർ ഒന്നുമുതൽ കയാക്കിങ്, ബോട്ടിങ് ഉൾപ്പെടെ ജലകായിക വിനോദവും ആസ്വദിക്കാം. പ്രവേശനം രാവിലെ 9 മുതൽ വൈകിട്ട് 7 വരെ.
∙ മിറക്കിൾ ഗാർഡൻ
120 ഇനത്തിൽപെട്ട 15 കോടി പൂക്കൾ വിരിയിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിദത്ത പൂന്തോട്ടമായ ദുബായിലെ മിറക്കിൾ ഗാർഡനും ഒരാഴ്ചയ്ക്കകം തുറക്കും. പുഷ്പങ്ങളും അലങ്കാരച്ചെടികളും കൊണ്ടു നിർമിച്ച വിമാനം, ഗോപുരങ്ങൾ, കൂറ്റൻ മൃഗരൂപങ്ങൾ, തോരണങ്ങൾ എന്നിവ ആസ്വദിക്കാം. കുട്ടികൾക്കുള്ള പ്രത്യേക മേഖലയിൽ അനിമേഷൻ, കാർട്ടൂൺ കഥാപാത്രങ്ങളും ധാരാളം.
ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്താണ് മിറക്കിൾ ഗാർഡൻ. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും ശനി, ഞായർ വാരാന്ത്യ അവധി ദിനങ്ങളിലും മറ്റു പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയുമാണ് പ്രവേശനം.
ശൈത്യകാല വിനോദസഞ്ചാരത്തിനും യുഎഇയിൽ തുടക്കമിട്ടതോടെ വിദേശ ടൂറിസ്റ്റുകളുടെ വരവും കൂടി.