ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത
ബെംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകാനിരിക്കെ ആരാധകര്‍ക്ക് നിരാശവാര്‍ത്ത. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഇന്ന് രാവിലെ മുതല്‍ ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നതാണ് ആരാധകരെ നിരാശരാക്കുന്നത്. മേഘാവൃതമായ അന്തരീക്ഷമായതിനാല്‍ മഴ ഉടനെയൊന്നും ശമിക്കുന്ന ലക്ഷണമില്ല. മഴ മൂലം ഇരു ടീമുകളുടെയും ഇന്നത്തെ പരീശീലനവും മുടങ്ങാനാണ് സാധ്യത. അതേസമയം, രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഡ്രെയിനേജ് സംവിധാനങ്ങളുള്ള സ്റ്റേഡിയമാണ് ചിന്നസ്വാമിയിലേതെന്നാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
വരും ദിവസങ്ങളിലും ബെംഗളൂരുവില്‍ മഴയുണ്ടാകുമെന്നാണ് കാലവസ്ഥാ പ്രവചനം. ടെസ്റ്റിന്‍റെ നാലു ദിവസവും മഴ പെയ്യുമെന്നാണ് പ്രനചനം. ബംഗ്ലാദേശിനെതിരെ കാണ്‍പൂരില്‍ നടന്ന രണ്ടാം ടെസ്റ്റും മഴമൂലം തടസപ്പെട്ടിരുന്നെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ ഇന്ത്യ വിജയം പിടിച്ചെടുത്തിരുന്നു. ഓസ്ട്രേലിയക്കെതിരായ അഞ്ച് മത്സര പരമ്പരക്ക് മുമ്പെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ സ്ഥാനം ഉറപ്പാക്കാന്‍ ഇന്ത്യക്ക് ന്യൂസിലന്‍ഡിനെതിരായ പരമ്പര തൂത്തുവാരേണ്ടതുണ്ട്. മുന്‍ നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെ ഇറങ്ങുന്ന ന്യൂസിലന്‍ഡിന് രചിന്‍ രവീന്ദ്രയുടെ ഫോമിലാണ് പ്രതീക്ഷ.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നതെങ്കില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയാണ് ന്യൂസിലന്‍ഡ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. 2022ല്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റായിരുന്നു.ശ്രീലങ്കയായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ശ്രീലങ്കയും ഇറങ്ങിയത്. മത്സരം ഇന്ത്യ 238 റണ്‍സിന് ജയിച്ചു.