അൻവറിനൊപ്പം ചേരുമോയെന്ന് പറയാറായിട്ടില്ല, മുസ്‌ലിമായതു കൊണ്ട് മാറ്റിനിർത്തിയിട്ടില്ല: കാരാട്ട് റസാഖ്

0

കോട്ടയം ∙  അൻവറിനൊപ്പം ചേരുമോയെന്ന ചോദ്യത്തിനു രാഷ്ട്രീയമാണല്ലോ ഇപ്പോൾ അങ്ങനെയൊരു തീരുമാനം പറയാൻ കഴിയില്ലെന്ന മറുപടിയുമായി മുൻ കൊടുവള്ളി എംഎൽഎയും ഇടതു സ്വതന്ത്രനുമായിരുന്ന കാരാട്ട് റസാഖ്. നിലവിലെ സാഹചര്യത്തിൽ അതൊന്നും ആലോചിക്കേണ്ട സമയമായിട്ടില്ല. അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. അത് അന്വേഷിക്കേണ്ടതാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് അൻവറിനൊപ്പം നിന്നത്. താൻ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല.

അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പുള്ളതു കൊണ്ടാണ് അന്വേഷണം നടത്താൻ തീരുമാനിച്ചത്. മുസ്‌ലിം ആയതു കൊണ്ട് സിപിഎമ്മിൽ നിന്നും മാറ്റിനിർത്തിയിട്ടില്ല. നിസ്കാരം നടത്തുന്നതു കൊണ്ടും ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും കാരാട്ട് റസാഖ് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മുസ്‌ലിം ലീഗ് വിട്ട് ഇടതു സ്വതന്ത്രനായി 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കാരാട്ട് റസാഖ് അറിയപ്പെടുന്ന വ്യവസായി കൂടിയാണ്.

∙ ആദ്യം അൻവറിനെ പിന്തുണച്ച് രംഗത്തെത്തിയ വ്യക്തിയാണല്ലോ താങ്കൾ. പിന്നീട് നിലപാടിൽ മാറ്റമുണ്ടായി. എന്തായിരുന്നു ഇതിനു പിന്നിലെ കാരണം?

അൻവർ പറഞ്ഞ കാര്യങ്ങളിൽ‌ മുഖ്യമന്ത്രിയും പാർട്ടിയും ഒരു നിലപാട് എടുത്തിട്ടുണ്ടല്ലോ. അതുകൊണ്ടാണ് നിലപാട് മാറ്റിയത്. അൻവർ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. അത് അന്വേഷിക്കേണ്ടതാണ് എന്ന് ബോധ്യപ്പെട്ടതിനാലാണ് അൻവറിനൊപ്പം നിന്നത്. ഞാൻ അൻവറിനെ തള്ളിപറഞ്ഞിട്ടില്ല.

∙ അൻവറിനെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ട് എന്നാണോ ?

അൻവർ പറഞ്ഞ കാര്യങ്ങളിലൊക്കെ അന്വേഷണം നടക്കുകയാണല്ലോ.

‌∙ അൻവർ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് തെറ്റായിപോയെന്നാണോ കരുതുന്നത് ?

മുഖ്യമന്ത്രിക്കെതിരെ പറഞ്ഞത് തെറ്റായി പോയെന്നല്ല അർഥം. മുഖ്യമന്ത്രിയും പാർട്ടിയും അൻവർ പറഞ്ഞ കാര്യങ്ങളിൽ ഒരു നിലപാട് സ്വീകരിച്ചിരുന്നു. അതോടെ ആ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടതായിരുന്നു.

∙ അൻവർ ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പുണ്ടെന്ന് കരുതുന്നുണ്ടോ ?

കഴമ്പുള്ളതു കൊണ്ടാണല്ലോ അന്വേഷണം നടത്താൻ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും സ്ഥലം മാറ്റുകയും ചെയ്തു. ചിലർക്കെതിരെ അന്വേഷണവും നടക്കുകയാണല്ലോ.

∙ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും അന്വേഷണം വേണമെന്ന നിലപാടുണ്ടോ?

എനിക്ക് അങ്ങനെയൊരു നിലപാടില്ല, അൻവറിനാണുള്ളത്.

∙ അൻവറിന്റെ പരിപാടകളിൽ വലിയ ആൾക്കൂട്ടം എത്തുന്നുണ്ടല്ലോ. അത് സിപിഎമ്മിന് ദോഷം ചെയ്യുമോ?

അത് പാർട്ടിയാണ് പരിശോധിക്കേണ്ടത്. വിശദമായ അഭിപ്രായം പറയാൻ എനിക്ക് സാധിക്കില്ല.

∙ മറ്റ് ഇടത് സ്വതന്ത്രന്മാരും അൻവറിനെ പിന്തുയ്ക്കുമെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ കാരാട്ട് റസാഖും അൻവറിനെ പിന്തുണക്കുമോ?

രാഷ്ട്രീയമാണല്ലോ. ഇപ്പോൾ അങ്ങനെയൊരു തീരുമാനം പറയാൻ കഴിയില്ല.

∙ അൻവറുമായി ആശയവിനിമയം നടത്തിയിട്ടുണ്ടോ ?

നടത്തിയിട്ടില്ല.

∙ അൻ‌വർ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചാൽ‌ പിന്തുണയ്ക്കുമോ ?

ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊന്നും ആലോചിക്കേണ്ട സമയമായിട്ടില്ല.

∙ അൻവർ യുഡിഎഫ് ക്യാംപിലേക്ക് പോകുമെന്നാണോ കരുതുന്നത് ?
അദ്ദേഹം കോൺഗ്രസുകാരൻ ആയിരുന്നല്ലോ. സിപിഎം അദ്ദേഹത്തെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ അൻവറിന് മാതൃസംഘടനയിലേക്ക് മടങ്ങാം. അതൊക്കെ അദ്ദേഹത്തിന്റെ തീരുമാനവും നിലപാടുമാണ്.

∙ കോഴിക്കോട് ജില്ലക്കാരനാണല്ലോ താങ്കൾ. മാമി തിരോധാനം ഉൾപ്പെടെ വിവിധ വിഷയങ്ങൾ അൻവർ ഉന്നയിക്കുന്നുണ്ട്. വാസ്തവമുണ്ടെന്ന് കരുതുന്നില്ലേ?

മാമി കേസിൽ കഴമ്പുണ്ട്. സ്വർണക്കടത്ത് കേസിലെ പൊലീസിന്റെ ഇടപെടലിലും കഴമ്പുണ്ട്. അതൊക്കെ അന്വേഷണത്തിന്റെ പരിധിയിലാണ്.

∙ പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവം എംഎൽഎ ആയിരുന്നപ്പോൾ താങ്കൾക്കുണ്ടായിട്ടുണ്ടോ ?

എനിക്ക് അങ്ങനെ മോശം അനുഭവങ്ങളില്ല.

∙ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകുമോ ?

അതൊന്നും ഇപ്പോൾ പറയാനാകില്ല. ചെറിയ ആരോഗ്യ പ്രശ്നങ്ങളുണ്ട്. ജീവിച്ചിരുപ്പുണ്ടെങ്കിൽ ആ സമയത്ത് തീരുമാനിക്കേണ്ട കാര്യമാണ്.

∙ അൻവർ പറയുന്നതു പോലെ മതത്തിന്റെ പേരിൽ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടോ ?

എന്നെ സംബന്ധിച്ച് വ്യക്തിപരമായി സിപിഎമ്മിൽ നിന്നും അങ്ങനെയൊരു അനുഭവമുണ്ടായിട്ടില്ല. മുസ്‌ലിം ആയതു കൊണ്ട് മാറ്റിനിർത്തിയിട്ടില്ല. നിസ്കാരം നടത്തുന്നതു കൊണ്ടും ഒരു പ്രശ്നവുമുണ്ടായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *