ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും വലിയ സിനിമാ സംഭവമായി പുഷ്‌പ -2 മാറുമോ ? അതോ …
മുംബൈ:
തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ബോക്‌സ് ഓഫീസ് ചരിത്രം തിരുത്തിയെഴുതുകയാണ്. സുകുമാർ സംവിധാനം ചെയ്‌ത, ഏറെ പ്രതീക്ഷയോടെ സിനിമാസ്വാദകർ കാത്തിരുന്ന പുഷ്‌പ -2. സിനിമയുടെ ആദ്യ ദിനത്തിലേയ്ക്കുള്ള മുൻകൂർ ബുക്കിംഗിലൂടെ ₹100 കോടി കവിഞ് ഏറ്റവും വലിയ ഇന്ത്യൻ സിനിമയായി, റെക്കോഡ് ഭേദിച്ച് മുന്നേറുകയാണ് എന്നാണ് റിപ്പോർട്ടുകൾ .
ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിവയുൾപ്പെടെ ഒന്നിലധികം ഭാഷകളിൽ പ്രദർശിപ്പിക്കുന്ന ചിത്രത്തെ ചുറ്റിപ്പറ്റിപല വിധ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത് .
ആഗോളതലത്തിൽ 250 മുതൽ 275 കോടി രൂപ വരെ ആദ്യ ദിനത്തിൽ ( ഇന്ന് )ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നു.. “തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രം, പുഷ്പ 2 ന് ആദ്യ ദിവസം തന്നെ 100 കോടി രൂപ കടക്കാൻ കഴിയും” എന്ന് വിശകലന വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്നലെ നടന്ന പ്രീമിയർ ഷോയുടെ ടിക്കറ്റുകൾക്ക് ,തിരഞ്ഞെടുത്ത തീയേറ്ററുകളിൽ ₹ 944 രൂപയായിരുന്നു വില.ബാഹുബലി 2, KGF 2 , കൽക്കി തുടങ്ങിയ ‘ഐക്കണിക് ബ്ലോക്ക്ബസ്റ്ററു’കൾ സ്ഥാപിച്ച അഡ്വാൻസ് ബുക്കിംഗ് റെക്കോർഡുകളെ പുഷ്പ-2 മറികടന്ന് കഴിഞ്ഞു.
ചിത്രത്തിൻ്റെ ആദ്യ വാരാന്ത്യ വരുമാനം 500 കോടി രൂപയിലെത്തുമെന്ന് സിനിമാ വ്യാപാര വിദഗ്ധർ വിശ്വസിക്കുന്നു.അല്ലു അർജുൻ പുഷ്പ രാജ് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു, ഒപ്പം ശ്രീവല്ലിയായി രശ്മിക മന്ദാനയും ഫഹദ് ഫാസിൽ, ജഗപതി ബാബു, പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നു. ആദ്യ ചിത്രമായ പുഷ്പ: ദി റൈസ്, ആഗോളതലത്തിൽ ₹300 കോടിയിലധികം സമ്പാദിച്ചിരുന്നു .
അടുത്തിടെ നടന്ന ഒരു പത്രസമ്മേളനത്തിൽ അല്ലു അർജുനും രശ്മികയും “അംഗാരോൺ” എന്ന ചിത്രത്തിൻ്റെ ട്രാക്കിൽ നൃത്തം ചെയ്‌തത് പ്രേക്ഷകരുടെ കാത്തിരിപ്പിന് ആക്കം കൂട്ടി.
മൂന്നുമണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള സിനിമ ഷോറണ്ണൂരിലെ ‘ലാൽപ്ലക്‌സ്’ തിയേറ്ററിൽ ഇന്ന് പുലർച്ചെ 4.30 മുതൽ നാളെ 3.30 വരെ 24 മണിക്കൂർ ഷോയുണ്ടെന്നും പക്ഷെ ടിക്കറ്റ് ലഭിച്ചില്ലാ എന്നും മുംബൈയിൽ നിന്നും നാട്ടിലെത്തിയ ഒരു ഷൊറണ്ണൂറുകാരൻ വിളിച്ചു പറഞ്ഞു .
മുംബൈയിലെ ചിലതിയേറ്ററുകളും മറ്റെല്ലാ സിനിമകളും മാറ്റിവെച്ച് ‘പുഷ്‌പ’യ്ക്ക് മാത്രം ‘വെള്ളിത്തിര’ ഒരുക്കിയിരിക്കുകയാണ് .200 മുതൽ 500 വരെയാണ് ടിക്കറ്റ് നിരക്ക്.