കേരളത്തിൽ മെസ്സി എന്തുകൊണ്ടുവരുന്നില്ല? സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസ്സ്

തിരുവനന്തപുരം: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനം റദ്ദാക്കിയതിനെക്കുറിച്ചും കരാര്‍ ലംഘന ആരോപണങ്ങളെക്കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്. ലോക ചാമ്പ്യന്‍ ടീമിന്‍റെ സംസ്ഥാന സന്ദര്‍ശനം സര്‍ക്കാര്‍ കരാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാലാണ് റദ്ദാക്കിയതെന്ന അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍റെ (എഎഫ്എ) വാദത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. ആവശ്യപ്പെട്ടു.കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലും മെസിയെ കാണാനില്ലെന്ന് പരിഹസിച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തി. ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും മെസി വരാത്തതിന്‍റെ ഉത്തരം സര്‍ക്കാര്‍ പറയണമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. മെസി ഈസ് മിസിങ് എന്ന പരിഹസിച്ച സണ്ണി ജോസഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണെന്നും അവരുടെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞെന്നും പറഞ്ഞു.സര്‍ക്കാരിന് ഗുരുതരവീഴ്ചയുണ്ടായി.ഇതു സംബന്ധിച്ച് എഎഫ്എ പ്രതിനിധിയുടെ ചാറ്റ് ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം, സംഭവവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ലക്ഷക്കണക്കിന് രൂപ ഇതിനകം ചെലവഴിച്ചു. ഇപ്പോള്‍, എ.എഫ്.എ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ വസ്തുതകള്‍ അറിയാനുള്ള അവകാശമുണ്ടെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു.സിപിഎമ്മും സര്‍ക്കാരും മെസിയോടും അര്‍ജന്‍റീനയോടുമുള്ള പൊതുജനങ്ങളുടെ ആരാധന ‘ദുരുപയോഗം’ ചെയ്തുവെന്നും ഷാഫി ആരോപിച്ചു. ‘അര്‍ജന്‍റീന ഫുട്‌ബോള്‍ ടീമിനെ കൊണ്ടുവന്നതിന്റെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ കരാര്‍ ലംഘിച്ചുവെന്ന് എ.എഫ്.എ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനകം ഇതുമായി ബന്ധപ്പെട്ട് ചെലവഴിച്ച തുക സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരണം നല്‍കണമെന്നും ഷാഫി പറഞ്ഞു.
കരാര്‍ കരാറില്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ഈ വര്‍ഷം അര്‍ജന്‍റീന ടീം കേരളം സന്ദര്‍ശിക്കുന്നതില്‍ മാത്രമേ സര്‍ക്കാരിന് താല്‍പ്പര്യമുള്ളൂവെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു,. കരാര്‍ ഒപ്പിട്ടത് സ്‌പോണ്‍സറും ടീമും തമ്മിലാണെന്നും സര്‍ക്കാര്‍ അതില്‍ ഒരു കക്ഷിയല്ലെന്നുമാണ് ഇപ്പോള്‍ കായികമന്ത്രിയുടെ നിലപാട്.
സ്പോര്‍ട്സ് ലേഖകന് നല്‍കിയ അഭിമുഖത്തിലാണ് മെസിയുടെയും ടീമിന്‍റെയും കേരളാ സന്ദര്‍ശനം ഒഴിവാക്കിയതില്‍ സര്‍ക്കാരിന്റെ കരാര്‍ ലംഘനമാണെന്ന അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ ചീഫ് കൊമേര്‍സ്യല്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഓഫിസറായ ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ പ്രതികരണം പുറത്തുവന്നത്.
കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചത് കൊണ്ടാണ് അര്‍ജന്റീനയുടെ കേരളാ സന്ദര്‍ശനം ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോടികള്‍ നല്‍കിയിട്ടും അര്‍ജന്‍റീന ടീം കേരളത്തിലേക്ക് വരാന്‍ തയ്യാറായില്ലെന്ന സ്പോണ്‍സര്‍മാരുടെ ആരോപണങ്ങള്‍ അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന്‍ പ്രതിനിധി ലിയാന്‍ഡ്രോ പീറ്റേഴ്സണ്‍ തള്ളി. കരാര്‍ ലംഘിച്ചത് തങ്ങളല്ലെന്നും കേരള സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഏത് തരത്തിലുള്ള കരാറാണ് സര്‍ക്കാര്‍ ലംഘിച്ചതെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.