നാളെ,മഹാരാഷ്ട്ര ആരുടെ കൂടെയെന്നറിയാം…!

0

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ്, ജാർഖണ്ഡ് ഫലങ്ങളോടൊപ്പം മഹാരാഷ്ട്രയുടെ ജനവിധിയും നാളെയറിയാം…

മുരളി പെരളശ്ശേരി

മിക്ക എക്‌സിറ്റ് പോളുകളും ‘മഹായുതി’യുടെ വിജയം പ്രവചിച്ചപ്പോൾ അപൂർവ്വം ചിലത് എംവിഎയെ അനുകൂലിക്കുന്നു.ചിലത് തൂക്കു മന്ത്രിസഭ..!
എന്നാൽ, എക്‌സിറ്റ് പോളുകളൊക്കെ പോളിങ് നടന്ന ദിവസം മൂന്നു മണിക്ക് മുന്നേ തയ്യാറാക്കിയതാണെന്നും അതിനു ശേഷമാണ് ശരിയായ വോട്ടിംഗ് നടന്നതെന്നും ഫലം എംവിഎയ്ക്ക് അനുകൂലമായിവരുമെന്നും MPCC ജനറൽ സെക്രട്ടറിയും മലയാളിയുമായ ജോജോതോമസ് ‘സഹ്യ’യോട് പറഞ്ഞു.മഹായുതി ഭരണത്തിനോടുള്ള അതൃപ്‌തിയും അവസരവാദ സമീപനത്തോടുള്ള വെറുപ്പുമൊക്കെ ആ മുന്നണിയുടെ തിരിച്ചു വരവ് സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നില്ല, എന്ന് കഴിഞ്ഞ കുറച്ചുനാളുകളായുള്ള പ്രചാരണ പ്രവർത്തനങ്ങളിലൂടെ തനിക്ക് മനസ്സിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബിജെപിയുടെ സജീവ പ്രവർത്തകനും മഹായുതിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ ഊർജ്ജസ്വലതയോടെ ഇടപെടുകയും ചെയ്യുന്ന കേരളവിഭാഗം ബിജെപിയുടെ അധ്യക്ഷൻ കെ.ബി ഉത്തംകുമാർ പറയുന്നത് നേരെ തിരിച്ചാണ് .വലിയ ഭൂരിപക്ഷത്തോടെയുള്ള മഹായുതി സഖ്യത്തിൻ്റെ വിജയമാണ് അദ്ദേഹം പ്രവചിക്കുന്നത്.കോൺഗ്രസ്സിൽ മഹാരാഷ്ട്ര ജനതയ്ക്കുള്ള വിശ്വാസം നഷ്ട്ടപ്പെട്ടുകഴിഞ്ഞതായി ഉത്തംകുമാർ പറഞ്ഞു . ഷിൻഡെ സർക്കാറിൻ്റെ ‘ലഡ്‌കി ബഹിൻ യോജന’ പോലുള്ള ജനകീയ പദ്ധതിയെ തുരങ്കം വെക്കാൻ കോൺഗ്രസ്സ് നടത്തിയ ശ്രമങ്ങളും പിന്നീടുണ്ടായ മലക്കം മറിച്ചലുമൊക്കെ ഇവിടെയുള്ള ജനം കണ്ടതാണ് . ഇതിനുള്ള മറുപടി ഇവിടെയുള്ള സ്ത്രീവോട്ടർമാർ എംവിഎയ്ക്ക് നൽകും.മാത്രമല്ല,ഓരോ പ്രദേശങ്ങളിലുമുള്ള പോളിങ് പാറ്റേർണും മഹായുതിയുടെ വിജയം പ്രഖ്യാപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ ആരംഭിക്കാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കി.  തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതുപ്രകാരം മഹാരാഷ്ട്രയിലെ വോട്ടിംഗ് ശതമാനം 66.05 ആണ് 2019 ൽ ഇത് 61.1 ശതമാനമായിരുന്നു.

ജയിച്ചാൽ അടുത്ത സർക്കാരിനെ ആരു നയിക്കുമെന്ന കാര്യത്തിൽ ഭരണകക്ഷിയായ മഹായുതിയിലും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയിലുമുള്ള (എംവിഎ) അഭിപ്രായ ഭിന്നതകൾ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നേ ആരംഭിച്ചിരുന്നു.രണ്ടുമുന്നണിയും വിജയം അവകാശപ്പെട്ടുകൊണ്ടുതന്നെയാണ് സർക്കാറിനെ ആരു നയിക്കും എന്ന കാര്യത്തിലെ തർക്കങ്ങൾക്ക് തുടക്കമിട്ടത്.കഴിഞ്ഞ ഒരു തെരഞ്ഞെടുപ്പിലും കാണാത്ത വിധമുള്ള കൂറുമാറ്റങ്ങളും വിജയം ഉറപ്പിക്കാൻ സാധ്യതയുള്ളവരെ മാത്രം സ്ഥനാർത്ഥികളാക്കാനായുള്ള ‘ബലി കൊടുക്കലു’ മൊക്കെ ഇത്തവണ നടന്നു.എങ്കിൽപ്പോലും ആരൊക്കെ കാലുവാരിയെന്നതും ആരൊക്കെ വീണ്ടും കൂറുമാറുമെന്നൊക്കെ ഫല പ്രഖ്യാപനത്തിന് ശേഷം നമുക്ക് കണ്ടറിയാം.ഇനി കുറച്ചു നാൾ ‘റിസോർട്ട് രാഷ്ട്രീയ‘ നാടകങ്ങളിലേക്ക് മഹാരാഷ്‌ട്രാ രാഷ്ട്രീയം വഴിമാറും .

ഇതിനിടെ ,ആഭ്യന്തര അസ്വാരസ്യങ്ങൾ തുറന്നുകാട്ടിയാണ് ഇരു ചേരികളിലെയും നേതാക്കൾ മുഖ്യമന്ത്രിയുടെ കസേരയിൽ അവകാശവാദം ഉന്നയിക്കുന്നത്.മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെയാണ് സഖ്യ സർക്കാർ രൂപീകരിച്ചാൽ കോൺഗ്രസിൻ്റെ നേതൃത്വത്തിലായിരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് എംവിഎയ്‌ക്കുള്ളിലെ വിവാദത്തിനു തുടക്കമിട്ടത്. “വോട്ടിംഗ് പ്രവണതകൾ സൂചിപ്പിക്കുന്നത് കോൺഗ്രസ് ഏറ്റവും കൂടുതൽ സീറ്റുകൾ നേടും,” എന്നാണെന്നും പാട്ടോളെ അവകാശപ്പെട്ടു.
എന്നാൽ ആ പ്രസ്താവന എംവിഎ സഖ്യകക്ഷിയായ ശിവസേന (യുബിടി)യ്ക്ക് അത്രകണ്ട് ദഹിച്ചില്ല. പാർട്ടിയുടെ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് “മുഖ്യമന്ത്രിയുടെ മുഖത്തെക്കുറിച്ചുള്ള തീരുമാനം എല്ലാ സഖ്യ പങ്കാളികളും സംയുക്തമായി എടുക്കുമെന്ന് “പറഞ്ഞു കൊണ്ട് പാട്ടോളെയോട് ” ആ പൂതി മനസ്സിലിരിക്കട്ടെ ‘ എന്ന് പറയാതെ പറഞ്ഞു.

” പാർട്ടി അധ്യക്ഷനായി പട്ടോളെയെ തെരഞ്ഞെടുത്തത് കോൺഗ്രസ് ഹൈക്കമാൻഡ് ആണെങ്കിൽ ഈ കാര്യത്തിലും മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അല്ലെങ്കിൽ രാഹുൽ ഗാന്ധി എന്നിവരായിരിക്കും ഈ വിഷയത്തിൽ അഭിപ്രായംപറയേണ്ടത് ” എന്ന് സഞ്ജയ് റാവത്ത് പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ശിവസേന എംഎൽഎ സഞ്ജയ് ഷിർസാത് പറഞ്ഞത് , നിലവിലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് മത്സരിച്ചതെന്നും അതുകൊണ്ട് തീർച്ചയായും മഹായുതി അധികാരത്തിൽ വന്നാൽ ആദ്യ പരിഗണന നൽകേണ്ടത് ഏകനാഥ് ഷിൻഡെയ്ക്കാണ് എന്നുമാണ്.
ബിജെപി നേതാവ് പ്രവീൺ ദാരേക്കർ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് സ്വപ്നം കാണുമ്പോൾ എൻസിപി നേതാവ് അമോൽ മിത്കരി തൻ്റെ പാർട്ടി അധ്യക്ഷൻ അജിത് പവാറിനെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു. “ആർക്കും മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കാവുന്നതാണ് ” എന്നൊരു പ്രസ്താവനയിറക്കികൊണ്ട് അജിത്പവാർ നേരത്തെ പരോക്ഷമായി തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട് .

“മഹായുതിയുടെ മൂന്ന് പങ്കാളികളും ഒരുമിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കും,”എന്നാണ് ബിജെപി നേതാവ് പ്രവീൺ ദാരേക്കർ ഒടുവിൽ പറഞ്ഞത്. സോലാപൂരിൽ ശിവസേന (യുബിടി) നോമിനിക്കെതിരെ കോൺഗ്രസ് എംപി പ്രണിതി ഷിൻഡെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണച്ചതുപോലുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി അദ്ധേഹം MVA പക്ഷത്തിൻ്റെ ഐക്യമില്ലായ്‌മയെ ഉയർത്തിക്കാട്ടുന്നുമുണ്ട്.വിജയിക്കുന്ന സ്വതന്ത്രന്മാർ ഭരണസഖ്യത്തെ പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന് ഊന്നിപ്പറഞ്ഞ ദരേകർ എക്സിറ്റ് പോളുകൾ തള്ളിക്കളഞ്ഞു. എൻസിപി എംപി സുപ്രിയ സുലെയും കോൺഗ്രസിൻ്റെ നാനാ പടോലെയും ഉൾപ്പെടെയുള്ള എംവിഎ നേതാക്കൾ തിരഞ്ഞെടുപ്പ് ഫണ്ടിനായി ബിറ്റ്കോയിനുകൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു- എന്നാൽ ആരോപണങ്ങൾ ഇരു നേതാക്കളും നിഷേധിച്ചു.. സർക്കാരിൻ്റെ ‘ലഡ്‌കി ബഹിൻ യോജന’യാണ് വനിതാ വോട്ടർമാർക്കിടയിൽ മഹായുതിയുടെ ജനപ്രീതിക്ക് കാരണമെന്ന് ദാരേക്കർ പറഞ്ഞു.

സഖ്യങ്ങൾ ആഭ്യന്തര പിരിമുറുക്കങ്ങളുമായി പൊരുതുകയും ഫലം വരുന്നതിന് മുമ്പായി വിജയം അവകാശപ്പെടുകയും ചെയ്‌ത സാഹചര്യത്തിൽ, ആരുജയിച്ചാലും മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടിയും തിരഞ്ഞെടുപ്പ് പോലെ തന്നെ കടുത്ത മത്സരം നമുക്ക് പ്രതീക്ഷിക്കാം . ഓരോ പാർട്ടിക്കുമുള്ള സ്ഥനാർത്ഥികളെ വീതം വെച്ചെടുക്കുന്നതിൽ മുന്നണികളിൽ വന്ന കാലതാമസവും അതൃപ്തിയും തർക്കങ്ങളുമൊക്കെ നമ്മൾ കണ്ടു കഴിഞ്ഞതാണ് .അതുകൊണ്ട് തന്നെ ആര് അധികാരത്തിൽ വന്നാലും പരസ്‌പരമുള്ള അസ്വാരസ്യങ്ങളെ നിശ്ശബ്ദമാക്കിയും ആഭ്യന്തര തർക്കങ്ങളെ രമ്യമായി പരിഹരിച്ചും മുന്നോട്ടുപോകുന്ന മുന്നണിക്ക് കുറച്ചുകാലം മഹാരാഷ്ട്രയെ ഭരിക്കാം .അല്ലെങ്കിൽ പല രാഷ്ട്രീയ നാടകങ്ങൾക്കും ഇനിയും വോട്ടർമാർ സാക്ഷ്യം വഹിക്കേണ്ടിവരും! അതാണ് മറാത്താ രാഷ്ട്രീയം ജനങ്ങൾക്ക് നൽകിയിരിക്കുന്ന പാഠം!

Spread the love

Leave a Reply

Your email address will not be published. Required fields are marked *