ആരാകും രത്തൻ ടാറ്റയുടെ പിൻഗാമി? വരുമോ നോയൽ ടാറ്റ? പുതിയ തലമുറയിലേക്കും ഉറ്റുനോട്ടം

0

ടാറ്റാ ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കി വളർത്തിയ രത്തൻ ടാറ്റ വിസ്മൃതിയിലേക്ക് മായുമ്പോൾ ഉയരുന്ന ചോദ്യം ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്നതാണ്. രത്തൻ ടാറ്റ  ഉയർത്തിപ്പിടിച്ച മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, ടാറ്റാ ഗ്രൂപ്പിനെ വിജയപാതയിൽ നയിക്കുക എന്ന വെല്ലുവിളിയുമാണ് പിൻഗാമിയെ കാത്തിരിക്കുന്നതും.ടാറ്റാ ഗ്രൂപ്പ് കമ്പനികളുടെ മാതൃസ്ഥാപനമായ ടാറ്റാ സൺസിന്റെ ചെയർമാനായി എൻ. ചന്ദ്രശേഖരനെ രത്തൻ ടാറ്റയുടെ നേതൃത്വത്തിലുള്ള സിലക്ഷൻ പാനൽ 2017ൽ തിരഞ്ഞെടുത്തിരുന്നു. ടാറ്റ പ്രസ്ഥാനത്തിന്റെ മൂല്യത്തിലുറച്ചു നിൽക്കാൻ ചന്ദ്രശേഖരന് കഴിഞ്ഞുവെന്നതിൽ രത്തൻ ടാറ്റയും സംതൃപ്തനായിരുന്നു. രത്തൻ ടാറ്റയുടെ 3,800 കോടി രൂപയോളം വരുന്ന ആസ്തിയുടെ നിയന്ത്രണത്തിലേക്ക് ആരെത്തുമെന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. സാധ്യതയിൽ 4 പേരുകളാണുള്ളത്.

നോയൽ ടാറ്റ
രത്തൻ ടാറ്റയുടെ പിതാവ് നവൽ ടാറ്റയുടെ രണ്ടാം വിവാഹത്തിലെ പുത്രനാണ് നോയൽ ടാറ്റ. ടാറ്റാ ഗ്രൂപ്പിനൊപ്പം കഴിഞ്ഞ 4 പതിറ്റാണ്ടായി രത്തൻ ടാറ്റയുടെ ഈ അർധ സഹോദരനുണ്ട്. ഗ്രൂപ്പിലെ നിരവധി കമ്പനികളുടെ ഡയറക്ടർ ബോർഡിലും അംഗമാണ്. ട്രെന്റ്, ടാറ്റ ഇന്റർനാഷണൽ, വോൾട്ടാസ്, ടാറ്റാ ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ എന്നിവയുടെ ചെയർമാനും ടാറ്റാ സ്റ്റീൽ, ടൈറ്റൻ എന്നിവയുടെ വൈസ് ചെയർമാനുമാണ്. സർ രത്തൻ ടാറ്റ ട്രസ്റ്റ്, സർ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ട്രസ്റ്റീയുമാണ്. രത്തൻ ടാറ്റയുടെ പിൻഗാമിയാകാൻ ഏറ്റവും സാധ്യത കൽപിക്കുന്നത് നോയൽ ടാറ്റയ്ക്കാണ്.

നോയലിന്റെ മൂന്ന് മക്കളിലേക്കും ഉറ്റുനോട്ടം
ടാറ്റാ ഗ്രൂപ്പ് ഈ വർഷാദ്യം നോയൽ ടാറ്റയുടെ മൂന്ന് മക്കളെ 5 ടാറ്റാ ട്രസ്റ്റുകളുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായി നിയമിച്ചിരുന്നു. ലിയ, മായ, നെവിൽ എന്നിവരാണ് നോയലിന്റെ മക്കൾ. ഈ 5 ട്രസ്റ്റുകളാണ് ടാറ്റാ സൺസിന്റെ മുഖ്യ ഓഹരി ഉടമകൾ. ലിയയും മായയും നെവിലും ടാറ്റാ ഗ്രൂപ്പിലെ വിവിധ കമ്പനികളിൽ നിർണായക പദവികൾ നിലവിൽ വഹിക്കുന്നുമുണ്ട്.

ലിയ ടാറ്റ
ടാറ്റാ ഗ്രൂപ്പിലെ ഹോസ്പിറ്റാലിറ്റി വിഭാഗത്തിന്റെ മേൽനോട്ടം വഹിക്കുകയാണ് 39കാരിയായ ലിയ ടാറ്റ. സ്പെയിനിലെ ഐഇ ബിസിനസ് സ്കൂളിൽ നിന്ന് ബിരുദം സ്വന്തമാക്കിയിട്ടുള്ള ലിയ, ടാറ്റാ ഗ്രൂപ്പിലെ ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ പ്രവർത്തനങ്ങളിലാണ് പ്രധാനമായും ശ്രദ്ധിക്കുന്നത്. താജ് ഹോട്ടൽ ശൃംഖലകളുടെ വളർച്ചയിലും നിർണായക പങ്കുവഹിക്കുന്നു.

മായ ടാറ്റ
ടാറ്റയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ടാറ്റാ ന്യൂ അവതരിപ്പിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രമാണ് മായ ടാറ്റ എന്ന 34കാരി. ടാറ്റാ ഓപ്പർച്യൂണിറ്റീസ്, ടാറ്റ ഡിജിറ്റൽ എന്നിവയിലും നിർണായക പദവികൾ. ബ്രിട്ടനിലെ വാർവിക് യൂണിവേഴ്സിറ്റി, ബെയ്സ് ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.

നെവിൽ ടാറ്റ
ട്രെന്റ് ലിമിറ്റഡിന് കീഴിലെ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറിന്റെ ചുമതല വഹിക്കുകയാണ് 34കാരൻ നെവിൽ ടാറ്റ. ടൊയോട്ട കിർലോസ്കർ കുടുംബത്തിൽ നിന്നുള്ള മാനസി കിർലോസ്കർ ആണ് ഭാര്യ. ടാറ്റാ ഗ്രൂപ്പ് ഭാവിയിലെ വരുമാനത്തിലും വളർച്ചയിലും നിർണായക പങ്കുവഹിക്കുമെന്ന് കരുതുന്ന ബിസിനസ് വിഭാഗമാണ് സ്റ്റാർ ബസാർ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *