കൊൽക്കത്ത ബലാൽസംഗക്കൊല : നരാധമന് മരണം വരെ ജീവപര്യന്തം തടവ്
കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ ആര്‍ജി കര് മെഡിക്കല്‍ കോളജിലെ പിജി ട്രെയിനി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് മരണം വരെ ജീവപര്യന്തം തടവ് .അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി അനിർബൻ ദാസാണ് ശിക്ഷ വിധിച്ചത്. സിബിഐ ആവശ്യപ്പെട്ടതുപോലെ കേസിനെ അപൂർവങ്ങളിൽ അപൂർവമായി കാണാൻ കഴിയില്ലാ എന്ന് കോടതി.17 ലക്ഷം രൂപ സംസ്ഥാന സർക്കാറും പ്രതി അമ്പതിനായിരം രൂപയും യുവ ഡോക്റ്ററുടെ കുടുംബത്തിനു നൽകാൻ കോടതി വിധിച്ചു.
നഷ്ടപരിഹാരം വേണ്ടെന്നും നീതിയാണ് വേണ്ടതെന്നും കൊല്ലപ്പെട്ട അതിജീവിതയുടെ കുടുംബം കോടതിയെ അറിയിച്ചു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും തൻ്റെ മേൽ കുറ്റം ചുമത്തുകയാണെന്നും പ്രതി കോടതിയെ അറിയിച്ചു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 9-നാണ് സർക്കാർ ഉടമസ്ഥതയിലുള്ള ആർ ജി കർ മെഡിക്കല്‍ കോളജില്‍ 31-കാരിയായ ജൂനിയർ ഡോക്ടര്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത്. ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടരുടെ മൃതദേഹം കണ്ടെത്തിയത്. അർധനഗ്നയായ നിലയിലായിരുന്നു മൃതദേഹം .പ്രാഥമിക പരിശോധനയ്ക്കും പോസ്റ്റുമാർട്ടം റിപ്പോർട്ടും അനുസരിച്ച് കൊല്ലപ്പെടുന്നതിന് മുൻപ് ഡോക്ടർ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. കൊൽക്കത്ത പൊലീസിലെ സിവിൽ വളണ്ടിയർ ആയിരുന്ന സഞ്ജയ് റോയിയെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡോക്ടറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കെട്ടിടത്തിലേക്ക് റോയ് പ്രവേശിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും സഞ്ജയ് റോയിയുടെ ബ്ലൂടൂത്ത് ഹെഡ്സെറ്റും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റോയിയെ അറസ്റ്റ് ചെയ്യുന്നത്.
എന്നാൽ മറ്റു ചിലരും കുറ്റകൃത്യത്തിലുൾപ്പെട്ടിട്ടുണ്ടെന്നും അതു കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ ഡോക്റ്റർമാരും മെഡിക്കൽ വിദ്യാർത്ഥികളും പൊതുസമൂഹവും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വന്നു.ഇതോടെ കേസ് സിബിഐക്ക് കൈമാറി. പക്ഷെ, സഞ്ജയ് മാത്രമേ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളൂ എന്നായിരുന്നു സിബിഐയുടെയും കണ്ടെത്തല്‍. 45 പേജുള്ള കുറ്റപത്രമാണ് സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നത് .സുപ്രീംകോടതിയും ഹൈക്കോടതിയും നിർണായക ഇടപെടൽ നടത്തിയ കേസില്‍ സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് വിധി പറഞ്ഞിരിക്കുന്നത്.