ആരാണ് ആ ഭാഗ്യവാൻ? ഓണം ബംപർ നറുക്കെടുപ്പ് ഉച്ചയ്ക്ക്; ഒന്നാം സമ്മാനം 25 കോടി രൂപ

തിരുവനന്തപുരം∙ തിരുവോണം ബംപര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. 50 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. 11 മണി വരെ 71,41,508 ടിക്കറ്റുകള്‍ വിറ്റു. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയിൽ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫിസുകളിലേതുള്‍പ്പെടെ 13,02,800 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 9,50,250 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 8,61,000 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും ഒപ്പമുണ്ട്. മറ്റ് ജില്ലകളിലും അവശേഷിക്കുന്ന ടിക്കറ്റുകള്‍ ഉടനടി വിറ്റു തീരും എന്ന നിലയിലേയ്ക്ക് വില്‍പന പുരോഗമിക്കുന്നു.
12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബംപര്‍ പ്രകാശനവും ഇന്ന് നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന് വി.കെ.പ്രശാന്ത് എംഎഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ പൂജാ ബംപറിന്റെ പ്രകാശനം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ നിര്‍വഹിക്കും. ഒരു കോടി രൂപ വീതം അഞ്ച് പരമ്പരകള്‍ക്കായി രണ്ടാം സമ്മാനം നല്‍കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപയും (ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം), നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്), അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപയും(അഞ്ചു പരമ്പരകള്‍ക്ക്) ലഭിക്കും. 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. ഡിസംബര്‍ 4-ന് നറുക്കെടുക്കുന്ന പൂജാ ബംപറിന്റെ ടിക്കറ്റ് വില 300 രൂപയാണ്.