“മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ എവിടെ?”:അമിത്ഷായ്ക്ക് കത്തയച്ച് സഞ്ജയ്‌റാവത്ത്

ന്യൂഡല്‍ഹി: മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ എവിടെയെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ധൻകര്‍ വീട്ടുതടങ്കലിലാണോ എന്ന ചോദ്യവും റാവത്ത് ഉന്നയിച്ചു. മുൻ ഉപരാഷ്‌ട്രപതിയെ ബന്ധപ്പെടാൻ നിരന്തരം ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അദ്ദേഹത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും റാവത്ത്അമിത് ഷായ്‌ക്ക് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.
“നമ്മുടെ ഉപരാഷ്ട്രപതി എവിടെയാണെന്ന് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അദ്ദേഹത്തിൻ്റെ നിലവിലെ സ്ഥിതി എന്താണ്? അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി എങ്ങനെയുണ്ട്? ഈ കാര്യങ്ങളിൽ വ്യക്തതയില്ല. രാജ്യസഭയിലെ ചില അംഗങ്ങൾ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു,” റാവത്ത് പറഞ്ഞു. അമിത് ഷായ്‌ക്ക് അയച്ച കത്ത് അദ്ദേഹം എക്‌സില്‍ പങ്കുവച്ചു. ധൻകറിനെ വീട്ടുതടങ്കലിലാക്കിയെന്നും സുരക്ഷിതനല്ലെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു.
അദ്ദേഹവുമായോ അദ്ദേഹത്തിൻ്റെ ജീവനക്കാരുമായോ ഒരു ആശയവിനിമയവും നടന്നിട്ടില്ല, ഇത് ഗുരുതരമായ ആശങ്കയാണ്. “നമ്മുടെ ഉപരാഷ്ട്രപതിക്ക് എന്താണ് സംഭവിച്ചത്? അദ്ദേഹം എവിടെയാണ്? അദ്ദേഹത്തിൻ്റെ ആരോഗ്യം എങ്ങനെയുണ്ട്? അദ്ദേഹം സുരക്ഷിതനാണോ? ഈ ചോദ്യങ്ങളെക്കുറിച്ചുള്ള സത്യം അറിയാൻ രാജ്യം അർഹിക്കുന്നു,” അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതിയിലേക്ക് പോകുന്നതിന് മുമ്പ് അമിത് ഷായില്‍ നിന്ന് ഈ വിവരങ്ങൾ തേടാൻ താൻ ആഗ്രഹിക്കുന്നു. മുൻ ഉപരാഷ്‌ട്രപതിയെ കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്നും റാവത്ത് കത്തില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞയാഴ്‌ച, ശിവസേന-യുബിടി മേധാവി ഉദ്ധവ് താക്കറെ ധൻകർ എവിടെയാണെന്ന ചോദ്യം ഉന്നയിച്ചിരുന്നു. മുൻ ഉപരാഷ്ട്രപതി ഇപ്പോൾ എവിടെയാണ്? ചർച്ച ചെയ്യേണ്ട വിഷയമാണിതെന്നും പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ജൂലൈ 22 നായിരുന്നു അപ്രതീക്ഷിതമായി ധൻകര്‍ ഉപരാഷ്‌ട്രപതി സ്ഥാനം രാജിവച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു രാജി. പാർലമെന്റിന്റെ വർഷകാലസമ്മേളത്തിന്റെ ആദ്യദിനത്തിൽ ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകറുടെ അപ്രതീക്ഷിത രാജിയിൽ അഭ്യൂഹങ്ങൾ ഏറെ ഉയര്‍ന്നിരുന്നു. രാജിക്കത്തിൻ്റെ ഉള്ളടക്കത്തിനപ്പുറം ധൻകർ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.