കേരള സർക്കാർ ഇന്ന് പിൻവലിച്ച വനം നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകൾ എന്തൊക്കെ ആയിരുന്നു?
തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കാനിരുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തില്‍ അവതരിപ്പിക്കാൻ നിശ്ചയിച്ചിരുന്ന വനം നിയമ ഭേദഗതി ബില്ല് പിൻവലിച്ചതായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ജനുവരി 17നായിരുന്നു ഇത് അവതരിപ്പിക്കേണ്ടിയിരുന്നത്. അതിനു മുന്നേ ഏറെ വിവാദങ്ങൾക്കു വഴിവെച്ച നിയമഭേദഗതി ഇന്നത്തെ മന്ത്രിസഭാ യോഗം ഉപേക്ഷിക്കുകയായിരുന്നു.
1961ലെ വനം നിയമം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ഈ ബില്ലിലൂടെ ലക്ഷ്യമിട്ടിരുന്നത്. 2019ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ബില്ലിന്‍റെ ഭേദഗതി സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല. ഈ ബില്ല് കാലഹരണപ്പെട്ട സാഹചര്യത്തിലാണ് പുതിയ ഭേദഗതിയുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.
സർക്കാർ ഇപ്പോൾ പിൻവലിച്ച , പുതിയ ബില്ലിലെ വകുപ്പ് 27 അനുസരിച്ച് ചെറിയ കുറ്റകൃത്യങ്ങള്‍ അഥവാ പെറ്റി കേസുകള്‍ക്ക് 5000 രൂപ മുതല്‍ 25000 രൂപ വരെയാണ് പിഴ.
വകുപ്പ് 47 G പ്രകാരം വനകുറ്റങ്ങള്‍ക്ക് പരമാവധി 1.5 ലക്ഷം രൂപ വരെ പിഴ ചുമത്താം
വകുപ്പ് 62 പ്രകാരം വനത്തിലെ ജീവജാലങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നവര്‍ക്ക് 25000 രൂപ വരെ പിഴ
വനം വകുപ്പിനുള്ള അധികാരങ്ങള്‍ വര്‍ധിക്കും:
വകുപ്പ് 52 പ്രകാരം പരിശോധന, രേഖകള്‍ പരിശോധിക്കല്‍, വാഹനങ്ങള്‍ തടയല്‍, പ്രാഥമിക അന്വേഷണം എന്നിവയ്ക്ക് വനം ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.
വകുപ്പ് 63 പ്രകാരം വാറന്‍റില്ലാതെ വനം ഓഫിസര്‍ക്കും പൊലീസിനും സംശയമുള്ള ആരെയും അറസ്റ്റു ചെയ്യാം. കൂടുതല്‍ എതിര്‍പ്പ് ഈ വ്യവസ്ഥയിലാണുണ്ടായത്.
വകുപ്പ് 47 E പ്രകാരം വനം വകുപ്പിന് കൂടുതല്‍ നിയന്ത്രണാധികാരങ്ങള്‍ ലഭിക്കുന്നു.
വകുപ്പ് 61 A 61 B അനുസരിച്ച് കായല്‍, മണല്‍, ജലസംഭരണികള്‍ എന്നിവ സംരക്ഷണ പരിധിയില്‍ ഉള്‍പ്പെടും.
വകുപ്പ് 47B പ്രകാരം വനോത്പ്പന്നങ്ങള്‍ ദൗത്യപരമായ ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തും.
ഈ ഭേദഗതി വ്യവസ്ഥകളുള്ള ബില്ലാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്