ഏക്‌നാഥ് ശിന്ദേ പറയാതെ ബിജെപിയോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണ് ?

0

ഏക്‌നാഥ് ശിന്ദേ പറയാതെ ബിജെപിയോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്താണ് ? നാട്ടുകാരോടും ലോകത്തോടും പറയുന്നതെന്താണ് ?

മുരളി പെരളശ്ശേരി

ശിന്ദേപറഞ്ഞുകൊണ്ടിരിക്കുന്ന പ്രസ്താവനകളൊക്കെ പകർത്തിയെഴുതുമ്പോൾ വരികൾക്കിടയിൽ തെളിഞ്ഞുവരുന്നത് മുഖ്യമന്ത്രിയായി തുടരാൻ താൻ എന്തുകൊണ്ടും യോഗ്യനാണ് എന്നതു തന്നെയാണ് .അദ്ദേഹത്തിൻ്റെ ശബ്ദവും ശരീര ഭാഷയുമെല്ലാം അത് ആവർത്തിച്ചു വ്യക്തമാക്കുന്നുമുണ്ട് .ഇത് മനസ്സിലാക്കേണ്ടവർക്ക് മനസ്സിലായതുകൊണ്ടു തന്നെയാണ് “മനസ്സിലാകാതെ മനസ്സിലായി എന്ന് പറഞ്ഞാൽ മനസ്സിലായതും മനസ്സിലാകില്ല ” എന്ന മട്ടിൽ ” മഹാരാഷ്ട്രയുടെ മുഖ്യൻ ആര് ? ” എന്നതൊരു സമസ്യയാക്കികൊണ്ട് മഹാരാഷ്ട്രയിലെ പ്രജകളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുന്നത്.

മഹാരാഷ്ട്രയുടെ വികസനത്തിന് കേന്ദ്രസർക്കാർ നൽകിയ പിന്തുണയ്ക്ക് കൈകൂപ്പി നന്ദി പറഞ്ഞും ‘അമിത് ജിയേയും മോദിജിയേയും ‘ സ്തുതിച്ചും അവരെടുക്കുന്ന തീരുമാനങ്ങളെന്തും അംഗീകരിക്കും എന്നുമൊക്കെ പറഞ്ഞുകൊണ്ട് വിനീത വിധേയനായി തൻ്റെ നിഷ്കളങ്കത ശിന്ദേ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അതത്ര നിഷ്‌കളങ്കമല്ല എന്ന് അദ്ദേഹത്തെ കൃത്യമായി നിരീക്ഷിച്ചാൽ ഏതൊരാൾക്കും മനസ്സിലാകും .പറയാതെ പറഞ്ഞുകൊണ്ട് അദ്ദേഹം ചോദിക്കുന്നത് ‘മുഖ്യമന്ത്രിയായി ഞാൻ തുടർന്നോട്ടെ’ എന്ന് തന്നെയാണ്. അതിനുള്ള ഉത്തരം ലഭിക്കാത്തതുകൊണ്ടാണ് ഡൽഹിയിൽ നിന്ന്
മുംബൈയിൽ എത്തിയയുടൻ മഹാരാഷ്ട്രയുടെ കാവൽ മുഖ്യമന്ത്രി ‘മഹായുതി’ യോഗത്തിൽ പോലും പങ്കെടുക്കാതെ ജന്മ ദേശത്തേക്ക് ‘പനിപിടിക്കാനായി ‘ പോയത്.

തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും മഹായുതിചരിത്രവിജയം നേടിയെന്നറിയുകയും ചെയ്‌തതോടെ
ഈ വിജയം തൻ്റെ ഭരണവികവുകൊണ്ട് ആർജ്ജിതമായതാണെന്ന് അമിത് ഷായേക്കാൾ  അമിതമായി വിശ്വസിക്കുന്ന ആളാണ് ഏക്‌നാഥ് ശിന്ദേ. താരതമ്യം ചെയ്യുമ്പോൾ ബിജെപിക്ക് സീറ്റുകൾ കൂടുതൽ ലഭിച്ചു എന്ന യാഥാർഥ്യത്തെ മറികടക്കാനും ജനങ്ങളുടെ ചിന്തയെ മറികടത്താനും
കഴിഞ്ഞ കുറച്ചുനാളുകളായുള്ള പത്ര സമ്മേളനങ്ങളിലൊക്കെ , താനൊരു “കോമൺ മാൻ ” ആണെന്ന് അദ്ദേഹം അടിവരയിട്ട് പറയുന്നുണ്ട് . തന്നെ നയിക്കുന്നത് അദാനിയല്ല എന്നും അദാനിമാരുടെ പിൻബലത്തിലല്ല തൻ്റെ സർക്കാർ മുന്നോട്ടുപോയതെന്നും അദ്ധേഹം മഹാരാഷ്ട്രയിലെ സാധാരണ ജനതയെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു.
തൻ ഒരു ‘കോമൺ മാൻ ‘ ആണെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളൊക്കെ തനിക്കറിയാമെന്നും “കോമൺ മാൻ “മാരുടെ സർക്കാർ ആണിതെന്നും അദ്ധേഹം ഓരോ യോഗത്തിലും പറയുന്നു..അതോടൊപ്പം തൻ്റെ ദരിദ്ര ഭൂതകാലവും ഒരു മസാലപോലെ അദ്ധേഹം ‘രുചി കൂട്ടാനായി’ ചേർത്തുകൊണ്ടിരിക്കുന്നു.. താൻ കൊണ്ടുവന്ന ‘ ലഡ്‌കി ബഹൻ ‘പദ്ധതിയാണ് മഹാരാഷ്ട്രയിലെ മഹായുതിയുടെ മഹാവിജയത്തിന് കാരണമെന്ന് എല്ലാ യോഗങ്ങളിലും സമ്മേളനങ്ങളിലും പ്രത്യേകം പരാമർശിക്കുന്ന ശിന്ദേ ,പരോക്ഷമായി പറയുന്നത് ആ ഒരു പദ്ധതി ഇല്ലായിരുന്നുവെങ്കിൽ മഹായുതി പരാജയപ്പെടുമായിരുന്നു എന്നാണ് . പദ്ധതിയുടെ വിജയത്തിലൂടെ മഹാരാഷ്ട്രയിലെ വനിതകളെല്ലാം തൻ്റെ സഹോദരിമാരായി എന്ന് അദ്ധേഹം സവിനയം ലോകത്തെ അറിയിക്കുന്നു. അതിലൂടെ സ്ത്രീജനങ്ങൾ ഉൾപ്പെടുന്ന മഹാരാഷ്ട്രയിലെ ശിവസൈനികർ, “ഏകനാഥ് ശിന്ദേയെ മുഖ്യമന്ത്രിആകണം ‘ എന്ന് ആവശ്യപ്പട്ടു കൊണ്ടിരിക്കുന്നു.

പനിബാധിനായിരുന്ന ശിന്ദേ നാട്ടിൽ നിന്നും നഗരത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നു. ഇന്ന് നടക്കുന്ന മഹായുതി യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത് …

ശേഷം മിനി സ്‌ക്രീനിൽ ….

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *