നടൻ വിശാലിന് എന്തുപറ്റി ? ആശങ്കയോടെ ആരാധകർ

0

ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍. പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്കെത്തിയ നടൻ വിശാലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനു പിന്നാലെ വിശാലിനിതെന്തു പറ്റി എന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഉയരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ താരത്തിന്‍റെ ഒരു വിഡിയോയാണ് ആരോഗ്യാവസ്ഥ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ഏറെ ക്ഷീണിതനായി കാണപ്പെട്ട താരത്തിന് നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.

‘മദ ഗജ രാജ’ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ വിശാലിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തീരെ മെലിഞ്ഞ് വിറയ്ക്കുന്ന കൈകളുമായി വേദിയിലെത്തിയ താരത്തെയാണ് വിഡിയോയില്‍ കാണുന്നത്.

വേദിയില്‍ ആരാധകരോട് സംസാരിക്കാന്‍ ശ്രമിക്കവേ പലവട്ടം വിശാലിന് നാക്കുകുഴയുന്നതും വിഡിയോയില്‍ വ്യക്തമാണ്. മൈക്ക് പിടിച്ച് സംസാരിക്കാന്‍ വിശാല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശാരീരികബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ശരീരം തീരെ മെലിഞ്ഞിരിക്കുന്നു, അതേസമയം വിശാൽ കടുത്ത പനി ബാധിച്ച അവസ്ഥയിലാണ് വേദിയിലെത്തിയതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തില്‍ വിശാലില്‍ നിന്നോ അടുത്ത ബന്ധുക്കളില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് വിശാൽ നായകനാകുന്ന മദ​ ഗജ രാജ റിലീസിന് ഒരുങ്ങുന്നത്. 2013 പൊങ്കൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമയാണ് മദ​ഗജരാജ. സുന്ദർ സി.യുടെ സംവിധാനത്തിലായിരുന്നു ചിത്രം ഒരുങ്ങിയത്. സിനിമയുടേതായി ഒരു ട്രെയിലറും ഗാനവും പുറത്തുവിട്ടിരുന്നു. സാമ്പത്തികമായ പ്രശ്നങ്ങൾ മൂലം സിനിമയുടെ റിലീസ് നീട്ടുകയായിരുന്നു. ഇപ്പോൾ ഒരു വ്യാഴവട്ടത്തിനുശേഷം പൊങ്കൽ റിലീസായാണ് ചിത്രമെത്തുന്നതും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *