ക്ഷേമ പെൻഷൻ അടിച്ചുമാറ്റൽ : ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; 18% പിഴപ്പലിശ

0

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി അനര്‍ഹമായി വാങ്ങിയ പെന്‍ഷന്‍ തുക പിഴ സഹിതം തിരികെ ഈടാക്കും. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് പുറപ്പെടുവിച്ചു.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വ്യാജരേഖകള്‍ ചമച്ച് സര്‍ക്കാരിനെ കബളിപ്പിച്ച് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെടുന്ന അവസരത്തില്‍ പെന്‍ഷന്‍ അടിയന്തരമായി റദ്ദു ചെയ്യുകയും അനര്‍ഹമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക 18% പിഴപ്പലിശ സഹിതം തിരികെ ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. കൂടാതെ അനര്‍ഹരായ വ്യക്തികള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കുന്നതിന് സഹായകരമായ രീതിയില്‍ അന്വേഷണവും പരിശോധനയും നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകളും നിര്‍ദ്ദേശങ്ങളും പാലിക്കാതെ അനര്‍ഹരായ നിരവധി ആളുകള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന അശരണര്‍ക്കും നിരാലംബരുമായവര്‍ക്ക് ഒരു കൈത്താങ്ങ് എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിക്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം അനര്‍ഹരായവര്‍ കൈക്കലാക്കുന്നത് തടയേണ്ടതും സര്‍ക്കാരിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അനിവാര്യമാണ്. അനര്‍ഹര്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

സാമ്പത്തിക ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ മാസംതോറും നൽകിവരുന്ന 1600രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ കൈയിട്ടുവാരുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തകാലത്താണ് . ഗസറ്റഡ് ഉദ്യോഗസ്ഥര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ള 1458 പേരാണ് അർഹതപെട്ടവർക്ക് ലഭിക്കേണ്ട തുകയാണ്‌ നിർലജ്ജം ഇവർ വാങ്ങികൊണ്ടിരുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *