ക്ഷേമ പെൻഷൻ ഇനി 2500 രൂപ; പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വർഷവും തദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് അതിനേക്കാൾ കുറച്ചു സമയവും മാത്രമേ ഉള്ളൂവെന്നിരിക്കെ ക്ഷേമ പെൻഷൻ വർധിപ്പിക്കണമെന്ന ആവശ്യം എൽഡിഎഫിൽ ശക്തം. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുന്നതിനൊപ്പം വീട്ടമ്മമാർക്കും പെൻഷൻ അനുവദിക്കുക എന്നത് എൽഡിഎഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ്. രണ്ടാം പിണറായി വിജയൻ സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അടുത്ത ബജറ്റിലെങ്കിലും അത് ഉണ്ടായെങ്കിൽ മാത്രമേ മുന്നണിക്ക് തദേശ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഗുണമുണ്ടാകൂവെന്നാണ് വിലയിരുത്തൽ. തദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള 2026 ഫെബ്രുവരി മാസത്തിലെ ബജറ്റിൽ പ്രഖ്യാപനം നടത്തിയാൽ തിരഞ്ഞെടുപ്പ് സ്റ്റണ്ടായി മാത്രമേ ജനം കണക്കാക്കൂവെന്നാണ് അഭിപ്രായം. സാമ്പത്തിക പ്രതിസന്ധി മറികടന്ന് പ്രഖ്യാപനങ്ങൾ നടത്താൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എന്ത് ജാലവിദ്യ പ്രയോഗിക്കുമെന്നാണ് കണ്ടറിയേണ്ടത്. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുക, വീട്ടമ്മമാർക്ക് പെൻഷൻ അനുവദിക്കുക തുടങ്ങി പ്രഖ്യാപനങ്ങൾ നടപ്പിലാക്കുന്നത് നിലവിലെ സാമ്പത്തിക പ്രതിസന്ധിയനുസരിച്ച് പ്രതികൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ‘‘സാമ്പത്തിക പ്രതിസന്ധി അനുകൂലമാകട്ടെ. എല്ലാ പ്രഖ്യാപനങ്ങളും നടപ്പാക്കുക തന്നെ ചെയ്യും. നമുക്ക് നോക്കാം’’ – എം.വി. ഗോവിന്ദൻ പറഞ്ഞു.