വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ ഇനിയും സ്വീകരിക്കും : വിഡി സതീശന്‍

0
VD SATHEE

കൊച്ചി: വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വെല്‍ഫെയര്‍ പാര്‍ട്ടി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആ പിന്തുണ ഞങ്ങള്‍ സ്വീകരിച്ചിട്ടുമുണ്ട്. അതല്ലാതെ ആ പാര്‍ട്ടിയുമായി വേറെ നീക്കുപോക്കുകളൊന്നുമില്ല. അത് അവരും വ്യക്തമാക്കിയിട്ടുള്ളതാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണച്ചാല്‍ യുഡിഎഫ് സ്വീകരിക്കും. ഇക്കാര്യത്തില്‍ മുന്നണി നിലപാടില്‍ ഒരു വ്യക്തതക്കുറവും ഇല്ലെന്നും വിഡി സതീശന്‍ കൊച്ചിയില്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫുമായി പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കക്ഷിയല്ല. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചതില്‍ സിപിഎമ്മിന് എന്താണ് പ്രശ്‌നമെന്ന് സതീശന്‍ ചോദിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പഴയ രൂപമായ ജമാ അത്തെ ഇസ്ലാമി മൂന്നു പതിറ്റാണ്ടു കാലം സിപിഎമ്മിനെ പിന്തുണച്ചില്ലേ?. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമൊന്നും ജമാ അത്തെയുടെ ആസ്ഥാനത്തുപോകാന്‍ ഒരു മടിയും ഉണ്ടായിട്ടില്ലല്ലോ എന്നും വിഡി സതീശന്‍ ചോദിച്ചു.

അന്നൊന്നും വര്‍ഗീയ വാദം ഉണ്ടായിട്ടില്ലേ. സിപിഎമ്മിന്റെ അവസരവാദമാണ് ഇതെല്ലാം ഉന്നയിക്കുന്നതിന് പിന്നിലെന്നും വിഡി സതീശന്‍ പറഞ്ഞു. കേരളം മുഴുവന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ താഴെയിറങ്ങണമെന്ന് ആഗ്രഹിക്കുകയാണ്. ഒരു സമുദായവും സമുദായ നേതാക്കളും ഇടതു സര്‍ക്കാരിനെ പിന്തുണയ്ക്കുന്നില്ല. അങ്ങനെ പിന്തുണച്ചാല്‍ ആ സമുദായത്തിലെ ജനങ്ങള്‍ ആ നേതാവിനെതിരെ രംഗത്തു വരും. അത്തരമൊരു സാഹചര്യത്തിന് ഏതെങ്കിലും സാമുദായിക നേതാവ് മുതിരുമോയെന്നും വിഡി സതീശന്‍ ചോദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *