ഇപി മുറിവേറ്റ സിംഹം, യുഡിഎഫിലേക്ക് വരാൻ തയ്യാറായാൽ സ്വീകരിക്കും: എം എം ഹസ്സൻ
പാലക്കാട്: ഇപി ജയരാജൻ ഒരു മുറിവേറ്റ സിംഹത്തെ പോലെയാണ് കഴിയുന്നതെന്നും ആത്മ നൊമ്പരങ്ങളുടെ കഥയാണ് ഇ പി ജയരാജൻ്റേതായി പുറത്തുവന്നതെന്നും യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. ഇപി വന്നാൽ യുഡിഎഫ് സ്വീകരിക്കുമെന്നും കോൺഗ്രസിലേക്ക് വരണമോ എന്നുള്ളത് ഇപിയാണ് തീരുമാനിക്കേണ്ടതെന്നും എം എം ഹസ്സൻ പറഞ്ഞു..
ഇപിയ്ക്ക് അർഹതപ്പെട്ട പാർട്ടി സെക്രട്ടറി സ്ഥാനം നിഷേധിച്ചതുൾപ്പെടെ ഒരുപാട് സംഭവങ്ങൾ അദ്ദേഹത്തിൻറെ മനസ്സിൽ ഉണ്ട്. ആത്മകഥ അദ്ദേഹത്തിന്റെ അല്ല എന്ന് പറഞ്ഞാൽ ഒരു കാരണവശാലും ജനങ്ങൾ വിശ്വസിക്കില്ല. അദ്ദേഹത്തിൻറെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ. വിപണന തന്ത്രം വിജയിച്ചിരിക്കുകയാണ്. ഇ പിയുടെ ആത്മകഥയ്ക്ക് ഒപ്പം ഒരു ജീവചരിത്രവും എഴുതിയിരിക്കുന്നു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നും എം എം ഹസ്സൻ കൂട്ടിച്ചേർത്തു.
അതേസമയം ജനങ്ങളുടെ പ്രതീക്ഷക്കൊത്തുള്ള ഭരണം വന്നില്ല എന്നുള്ളത് നിരന്തരം പറഞ്ഞതാണ്. സരിൻ പാലക്കാട് സ്ഥാനാർത്ഥിയായത് ശരിയോ തെറ്റോ എന്നുള്ളത് കാലം തീരുമാനിക്കുമെന്നും എം എം ഹസ്സൻ പറഞ്ഞു.