വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടുവീണു; വധു വിവാഹത്തില്‍ നിന്ന് പിന്മാറി
റാഞ്ചി: അതിശൈത്യത്തെ തുടര്‍ന്ന് വിവാഹച്ചടങ്ങിനിടെ വരന്‍ ബോധംകെട്ടു വീണു. ഇതിന് പിന്നാലെ വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ജാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഘോര്‍മര സ്വദേശി അര്‍ണവും ബിഹാര്‍ സ്വദേശിനി അങ്കിതയും തമ്മിലായിരുന്നു വിവാഹം. അര്‍ണവ് ബോധരഹിതനായി വീണതോടെ അങ്കിത വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. അര്‍ണവിന്റെ നാട്ടില്‍ തുറന്ന മണ്ഡപത്തില്‍വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്.
ചടങ്ങിന്റെ അവസാനം വധൂവരന്മാര്‍ അഗ്നിക്ക് വലംവെയ്ക്കാനൊരുങ്ങവേ അര്‍ണവ് വിറച്ച് ബോധരഹിതനായി വീഴുകയുമായിരുന്നു. ഉടന്‍തന്നെ അര്‍ണവിന് ബന്ധുക്കള്‍ പ്രഥമ ശുശ്രൂഷ നല്‍കി. തൊട്ടുപിന്നാലെ ഡോക്ടറെത്തി അര്‍ണവിനെ പരിശോധിക്കുകയും ചെയ്തു. തണുത്ത കാലാവസ്ഥയാണ് അര്‍ണവ് ബോധംകെട്ടുവീഴാന്‍ കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു.