കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്;കർഷകർക്ക് ലഭിക്കാനുള്ളത് 15 കോടി രൂപ
പാലക്കാട്: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ തുക അനുവദിച്ചിട്ടും സോഫ്റ്റ് വേറിലെ സാങ്കേതിക നൂലാമാലയിൽ കുരുങ്ങിക്കിടക്കുന്നത് 15 കോടി രൂപ. സംസ്ഥാനത്ത് പതിനായിരത്തോളം കർഷകർക്കാണ് ഇതുമൂലം തുക കിട്ടാത്തത്. 2022 രണ്ടാം സീസണായ റാബിയിൽ രജിസ്റ്റർചെയ്ത കർഷകരുടെ തുകയാണ് ലഭിക്കാത്തത്. 2022 റാബി സീസണിൽ 73,833 കർഷകരാണ് രജിസ്റ്റർ ചെയ്തത്. 80 കോടിയോളം രൂപയാണ് ആകെ അനുവദിച്ചത്. 65 കോടിയോളം ഈ വർഷം ഫെബ്രുവരിയിലും മാർച്ചിലുമായി നൽകി.
റാബി സീസണിൽ കാലാവസ്ഥയിൽ വലിയ മാറ്റമുണ്ടായതിനെത്തുടർന്ന് മിക്ക വിളകൾക്കും ഉയർന്ന തുകയാണ് അനുമതിയായത്. മാവിന് പരമാവധി തുകയായ ഹെക്ടറിന് 1,50,000 രൂപയും അനുവദിച്ചു. നെല്ലിന് 18,000 മുതൽ 37,000 വരെയായിരുന്നു ആനുകൂല്യം. സോഫ്റ്റ് വേറിൽ വെരിഫിക്കേഷൻ ചെയ്യാനാകാത്തതാണ് തുക മുടങ്ങിക്കിടക്കുന്നതെന്ന് പദ്ധതി നടപ്പാക്കുന്ന അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി അധികൃതർ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാണ് ഇൻഷുറൻസ് തുക അനുവദിക്കുന്നത്. വിഷയം ഇൻഷുറൻസ് കമ്പനിയുടെ ഉന്നതതല ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഉടൻ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കമ്പനിയുടെ സംസ്ഥാനത്തെ ഉദ്യോഗസ്ഥർ അറിയിച്ചു.
തുക ലഭിക്കാത്തത് കർഷകർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. 2023 ആദ്യ സീസണായ ഖാരിഫിന്റെ തുക അനുവദിക്കുന്നസമയം കഴിഞ്ഞിട്ടും നടപടിയൊന്നുമായില്ല. ഇതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. വിള ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യുമ്പോൾ വിളയ്ക്കനുസരിച്ച് കർഷകർ നിശ്ചിതവിഹിതം അടയ്ക്കണം. ആനുകൂല്യം ലഭിച്ചില്ലെങ്കിൽ സ്വന്തം കൈയിൽനിന്നെടുത്ത് അടച്ച തുകകൂടി നഷ്ടമായതുപോലെയായി. 2024-ലെ ആദ്യ സീസണായ ഖാരിഫിൽ 93,000 കർഷകരാണ് രജിസ്റ്റർ ചെയ്തത്. നെല്ല്, വാഴ, തെങ്ങ്, റബ്ബർ, മാവ്, പച്ചക്കറികൾ തുടങ്ങി 27 വിളകൾ പദ്ധതിയിൽ രജിസ്റ്റർചെയ്യാം. വിളയ്ക്ക് നാശം സംഭവിക്കുമ്പോൾമാത്രമല്ല കാലാവസ്ഥാ മാറ്റത്തിനനുസരിച്ചും തുക നൽകുമെന്നതാണ് പദ്ധതിയുടെ ആകർഷണം.