എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു; കെ.ആർ.എഫ്.ബി നിർമ്മാണാനുമതി നല്കിയിട്ട് 5 മാസം പിന്നിട്ടു.
എടത്വ:കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും എടത്വയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ അനുമതി നല്കിയിട്ടും കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു.
എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി.ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ നല്കിയ വിവരവകാശ രേഖയിലാണ് ഇത് വ്യക്തമാക്കുന്നത്.
5 മീറ്റർ നീളവും 2:5 മീറ്റർ വീതിയും അളവുകളുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നതിനാണ് ചമ്പക്കുളം ബ്ലോക്ക് ഡവലപ്പ്മെന്റ് ഓഫിസർക്ക് 2023 സെപ്റ്റംബർ 29ന് അനുമതി നല്കിയി രിക്കുന്നത്.5 മാസം കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിച്ചിട്ടില്ല.
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ എടത്വ ജംഗ്ഷനില്‍ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതിനെ തുടര്‍ന്ന് ജനം പൊരിവെയിലത്ത് നിന്ന് വലയുകയാണ്.അമ്പലപ്പുഴ ഭാഗത്തേക്ക് യാത്രക്കാര്‍ ബസ് കാത്ത് നിന്നിരുന്നത് ഒരു വ്യക്ഷ തണലിലായിരുന്നു.റോഡ് വികസനം നടത്തിയപ്പോള്‍ ആ വൃക്ഷം വെട്ടിക്കളഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ പള്ളിയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകരാണ് പ്രതിദിനം എത്തുന്നത്. എടത്വ സെന്റ് അലോഷ്യസ് കോളജ് ഉള്‍പ്പെടെ വിവിധ സ്‌കൂളുകള്‍, വിവിധ ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എല്ലാം ടൗണില്‍ തന്നെയാണ്. കനത്ത വെയിലിലും മഴയത്തും യാത്രക്കാര്‍ ഇപ്പോള്‍ കട തിണ്ണകളെയാണ് ആശ്രയിക്കുന്നത്.
അമ്പലപ്പുഴ- പൊടിയാടി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ കരാർ ഏറ്റെടുത്തത് ബഗോറ കൺസ്ട്രഷൻസ് ആയിരുന്നു.റോഡ് നിർമ്മാണത്തിൻ്റെ രണ്ട് ഘട്ടങ്ങളിലും എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുന്നത് സംബന്ധിച്ച് കരാറിൽ ഉൾപ്പെടുത്തിയിരുന്നില്ല.അധികൃതര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടത്വ വികസന സമിതി കുത്തിയിരിപ്പ് സമരം നടത്തുകയും പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം, ജനറല്‍ സെക്രട്ടറി ഡോ. ജോണ്‍സണ്‍ വാലയിൽ ഇടിക്കുള, ട്രഷറാര്‍ ഗോപകുമാര്‍ തട്ടങ്ങാട്ട് എന്നിവര്‍ കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടീവ് എന്‍ജിനീയരുടെ ഓഫിസിൽ നിവേദനവും നല്കിയിരുന്നു.