കുട്ടികച്ചവടവും കൈത്താങ്ങാകും; വയനാട്ടിലെ ദുരിതബാധിതർക്ക് വീടൊരുക്കാൻ വിദ്യാർത്ഥികൾ
കിളിമാനൂർ രാജാ രവിവർമ്മ ബോയ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് വയനാട്ടിലെ ദുരിതബാധിതർക്ക് ഭവന നിർമ്മാണത്തിന് വേണ്ടിയുള്ള ധനസമാഹരണത്തിന് വേറിട്ട മാതൃക തീർക്കുന്നത്. നാട്ടുകാരിൽ നിന്നോ വീട്ടുകാരിൽ നിന്നും ഒന്നും പണം നേരിട്ട് കൈപ്പറ്റാതെ ലോഷൻ നിർമ്മിച്ച് അവ വിപണിയിൽ വിറ്റ് അതിലൂടെ പണം സമാഹരിക്കുകയാണ് കുട്ടികൾ ലക്ഷ്യമിടുന്നത്.
ഓരോ വോളണ്ടിയർമാരും നിശ്ചിത ബോട്ടിൽ ലോഷൻ വിൽക്കണം. ഇതിലൂടെ ലഭിക്കുന്ന പണം എൻഎസ്എസ് വയനാട്ടിൽ വച്ച് നൽകാൻ ഉദ്ദേശിക്കുന്ന 150 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ടിലേക്ക് കൈമാറും. ഇതിന് ഭാഗമായി ഫുഡ് ഫെസ്റ്റും വിദ്യാർത്ഥികൾ നടത്തുന്നുണ്ട്. സ്കൂളിലെ എൻഎസ്എസ് കോഡിനേറ്റർ ആയ സുനിത എന്ന അധ്യാപികയുടെ മേൽനോട്ടത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണം നടത്തുന്നത്.
ഇതിനായി രണ്ടുദിവസത്തെ ക്യാമ്പാണ് സ്കൂളിൽ സംഘടിപ്പിക്കുന്നത്. സ്കൂളിൽ വെച്ച് തന്നെയാണ് ലോഷൻ നിർമ്മാണം. 300 ബോട്ടിലുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുന്നത്. ഡിമാൻഡ് അനുസരിച്ച് പിന്നീട് ഉത്പാദനം കൂട്ടാനാണ് തീരുമാനം. സ്കൂൾ പ്രിൻസിപ്പൾ നിസാമാണ് എല്ലാവിധ പിന്തുണയും വിദ്യാർത്ഥികൾക്ക് നൽകുന്നത്. സഹവാസ ക്യാമ്പിന്റെ ഭാഗമായി ഒരു സൗജന്യ ആയുർവേദ ക്യാമ്പും സ്കൂളിനകത്ത് സംഘടിപ്പിച്ചിരുന്നു.