ദുരിതാശ്വാസനിധി: സാലറി ചലഞ്ചിന് സമ്മതമല്ലെങ്കിൽ പിഎഫ് വായ്പയില്ല; കടുപ്പിച്ച് സർക്കാർ
തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ജീവനക്കാരും തമ്മിൽ ഭിന്നത മുറുകുന്നു. സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്റ്റ്വെയറില്‍ വരുത്തിയിട്ടുണ്ട്.
ഇത് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷകൾ പ്രോസസ് ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്. ഇതോടെ വിഷയവുമായി ബന്ധപ്പെട്ട് പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടന അറിയിച്ചിരിക്കുന്നത്. സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് അഞ്ചുദിവസത്തെ ശമ്പളമാണ് പിടിക്കുന്നത്.