വയനാട് പുനരധിവാസം :റിപ്പോർട്ട് നൽകി ജോൺ മത്തായി

0

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടല്‍ സംബന്ധിച്ച് ഭൗമശാസ്ത്ര വിദഗ്ധൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു റിപ്പോര്‍ട്ടുകള്‍ സമർപ്പിച്ചു. പുനരധിവാസത്തിനായുള്ള സ്ഥലങ്ങളും ദുരന്തമേഖലയിലെ അപകടസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ചുമാണ് ദുരന്ത നിവാരണ അതോറിറ്റിക്ക് റിപ്പോർട്ട് നല്‍കിയത്. ജോണ്‍ മത്തായി നല്‍കിയ റിപ്പോർട്ട് വിലയിരുത്തുന്ന അഞ്ചം​ഗ ഉന്നതാധികാര സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല മേഖലകളില്‍ സന്ദർശനം നടത്തിയാണ് ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ്ഗ്ധ സംഘം ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മൂന്ന് റിപ്പോർട്ടുകൾ നല്‍കേണ്ടതില്‍ പുനരധിവാസം സംബന്ധിച്ചും അപകടമേഖലകള്‍ സംബന്ധിച്ചുള്ളതുമാണ് സമർപ്പിച്ചത്. പുനരധിവാസത്തിന് 24 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നതില്‍ 12 ഇടത്ത് വിദ​ഗ്ധ സംഘം സന്ദർശനം നടത്തി. ഇതില്‍ 5 സ്ഥലങ്ങള്‍ ടൗണ്‍ഷിപ്പ് നിര്‍മിക്കാനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, പടവെട്ടിക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിലെ അപകടമേഖലകളാണ് രണ്ടാമത്തെ റിപ്പോർട്ടില്‍ ഉള്ളത്. പുഴയില്‍ നിന്നുള്ള ദൂരം, ഭൂമിയുടെ ചെരിവ്, നീർച്ചാല്‍ ഒഴുക്ക് തുടങ്ങിയവ പരിഗണിച്ചാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലെ അപകടമേഖലകള്‍ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ചിലയിടങ്ങളില്‍ പുഴയില്‍ നിന്ന് 350 മീറ്റർ വരെ അപകടമേഖലയായി തരം തിരിച്ചിട്ടുണ്ട്. അൻപത് മീറ്റർ ഉണ്ടായിരുന്ന പുഴ ഉരുള്‍പ്പൊട്ടലോടെ നൂറോ നൂറ്റമ്പതോ മീറ്ററായി പരിണമിച്ചിട്ടുണ്ട്.

പുഴയുടെ പുതിയ വക്ക് കണ്ടെത്തി തിരിച്ചറിഞ്ഞ സംഘം അവിടെ നിന്നാണ് അപകടമേഖല കണക്കാക്കിയിരിക്കുന്നത്. ഇതിന് പുറമെയുള്ളതെല്ലാം സുരക്ഷിത സ്ഥലമായും കണക്കാക്കും. എങ്ങനെ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായെന്നുള്ള റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇനിയും നല്‍കിയിട്ടില്ല. ഇത് പ്രഭവകേന്ദ്രത്തില്‍ സന്ദർശനം നടത്തിയ ശേഷമേ തയ്യാറാക്കൂ. ഡോ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള വിദ​ഗ്ധ സംഘം നല്‍കിയിരിക്കുന്ന റിപ്പോർട്ട് അതിന് മുകളിലുള്ള ഉന്നതാധികാര സമിതി ഇനി പഠിക്കും. അവർ ഈ ആഴ്ച അവസാനത്തോടെ ഉരുള്‍പ്പൊട്ടല്‍ മേഖലയില്‍ സന്ദർശനം നടത്തി ഈ റിപ്പോർട്ട് കൂടി പരിഗണിച്ച് സർക്കാരിന് അന്തിമ റിപ്പോർട്ട് നല്‍കുകയാകും ചെയ്യുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *