വയനാട് ദുരന്തം: ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കാം: കേന്ദ്രം ഹൈക്കോടതിയിൽ

0

കൊച്ചി∙ വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ഏതു വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കാമെന്ന് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ ദുരന്തത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉന്നതാധികാര സമിതിക്ക് മുമ്പാകെയാണെന്നും സമിതി എത്രയും വേഗം യോഗം ചേർന്നു തീരുമാനം കൈക്കൊള്ളുമെന്നും കേന്ദ്ര സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബെ‍ഞ്ചിനു മുമ്പാകെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്.

വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തെ ‘തീവ്ര വിഭാഗ’ത്തിൽ ഉൾപ്പെടുത്തണമെന്നു നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആരാഞ്ഞ ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, കെ.വി.ജയകുമാർ എന്നിവരുടെ ‍ബെഞ്ചിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. 251 പേർ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്ത ഒരു ദുരന്തത്തിൽ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്ന കാര്യം കേരളം ചൂണ്ടിക്കാട്ടിയിരുന്നു.

ദുരന്തത്തിൽ അകപ്പെട്ടവർക്ക് ദിവസം 300 രൂപ വീതം നൽകുന്നത് ഒരു മാസം കൂടി ദീർഘിപ്പിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി കോടതിയെ അറിയിച്ചു. രണ്ടു മാസത്തേക്കു പ്രഖ്യാപിച്ചത് നാളെ അവസാനിക്കാനിരിക്കെയാണ് നവംബർ 30 വരെ ഇതു നൽകാനുള്ള തീരുമാനം. ദുരന്തത്തിന് ഇരകളായ ചില കുടുംബങ്ങൾക്കു നഷ്ടപരിഹാരം ലഭിച്ചിട്ടില്ല തുടങ്ങിയ പരാതികൾ ഉയരുന്നുണ്ടെന്ന കാര്യം കോടതി ഇന്ന് ആരാഞ്ഞു. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം മൂലമാണ് നഷ്ടപരിഹാരം നല്‍കാൻ കഴിയാത്തതെന്ന് സർക്കാർ അറിയിച്ചു.

നഷ്ടപരിഹാര തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്നും തർക്ക പരിഹാരമുണ്ടാകുന്ന മുറയ്ക്ക് അത് അവകാശികൾക്ക് ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു. അല്ലെങ്കിൽ തർക്കത്തിന്റെ മറവിൽ നഷ്ടപരിഹാരം നല്‍കാതിരിക്കാൻ ശ്രമിക്കുന്നു എന്ന പ്രതീതിയുണ്ടാക്കും. അത് ഉണ്ടാവാതിരിക്കാനാണ് അക്കൗണ്ടിലേക്കോ ട്രഷറി അക്കൗണ്ടിലേക്കോ നഷ്ടപരിഹാര തുക മാറ്റാൻ പറയുന്നതെന്നും കോടതി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *