ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട്: വി ശിവൻകുട്ടി
വയനാട്: മുണ്ടക്കൈ നാശം വിതച്ച ഉരുൾപൊട്ടലിൽ 49 കുട്ടികൾ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മുണ്ടക്കൈയിലും ചൂരൽമലയിലുമായി രണ്ട് സ്കൂളുകൾ പൂർണ്ണമായും തകർന്നു. തകർന്ന സ്കൂളുകൾ പുനർനിർമിക്കണം. ഈ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിക്കും. പാഠ പുസ്തകങ്ങൾ, സർട്ടിഫിക്കറ്റ് എന്നിവ നഷ്ടമായവർക്ക് വീണ്ടും നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാദുരന്തത്തിൽ മരണസംഖ്യ ഉയരുകയാണ്. 289 പേരാണ് ഇതുവരെ മരിച്ചത്. ഇവരിൽ 27 പേര്‍ കുട്ടികളാണ്. 200ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. നൂറിലധികം ഇതിനോടകം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേരുണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തി. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് ലഭ്യമാകുന്ന വിവരം.
സൈന്യം നിര്‍മിച്ച ബെയ്‍ലി പാലം തുറന്നത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. കൂടുതൽ വലിയ വാഹനങ്ങളും ഹിറ്റാച്ചികളും ഉൾപ്പടെയുള്ള ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ ഊർജിതമാക്കും. സൈന്യം, എൻഡിആർഎഫ്, കോസ്റ്റ് ഗാർഡ്, നേവി,ഡിഎസ്‌ജി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു പ്രദേശവാസികളും ഒരു വനം വകുപ്പ് ജീവനക്കാരനും ഉണ്ടാവും. ഇതുകൂടാതെ, ചാലിയാർ പുഴയുടെ നാല്പത് കിലോമീറ്ററിൽ പരിധിയിലെ പൊലീസ് സ്റ്റേഷൻ അതിർത്തികളിലും തെരച്ചിൽ ഒരുക്കും