വയനാട് പുനരധിവാസം : ലീഗിൻ്റെ സ്‌നേഹ ഭവനം പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്‌തു

വയനാട്: മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്‌ടമായവര്‍ക്ക് മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച സ്‌നേഹ ഭവനം പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് വീട് നിർമാണം. മുട്ടില്‍ ഡബ്ല്യു എംഒ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശിലാസ്ഥാപന കര്‍മ്മം ഉദ്‌ഘാടനം ചെയ്‌തു.
പൊട്ടിയൊലിച്ച ദുരന്തങ്ങള്‍ക്ക് മേല്‍ കരുണയുടെയും സ്‌നേഹത്തിൻ്റെയും കുത്തൊഴുക്കായിരുന്നു ദുരന്തഭൂമിയില്‍ കണ്ടതെന്നും സഹജീവികളോടുള്ള കരുതലാണ് മുസ്‌ലീം ലീഗിൻ്റെ പാരമ്പര്യമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഒരുമയുടെയും സ്‌നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും രാഷ്‌ട്രീയമാണ് മുസ്‌ലീം ലീഗിൻ്റേത്. അതിനെതിരെ ആര് ശബ്‌ദിച്ചാലും പൊതുസമൂഹം അവരെ അവജ്ഞയോടെ അറബിക്കടലിലെറിയും. മനുഷ്യര്‍ തമ്മിലുള്ള ഒത്തൊരുമയുടെ രാഷ്‌ട്രീമാണ് കാലം ആവശ്യപ്പെടുന്നതെന്നും തങ്ങള്‍ പറഞ്ഞു.
പദ്ധതി പ്രദേശത്തെത്തി പ്രാര്‍ഥിച്ച ശേഷമാണ് സാദിഖലി തങ്ങള്‍ പൊതുസമ്മേളന വേദിയിലെത്തി ശിലാഫലകം അനച്ഛാദനം ചെയ്‌തത്. ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച ലീഗിൻ്റെ അഞ്ചാംഘട്ട പുനരധിവാസ പദ്ധതിയാണ് സ്‌നേഹവീടുകള്‍. ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തില്‍ തന്നെയാണ് സ്വപ്‌ന ഭവനങ്ങളുയരുന്നത്.
മേപ്പാടി പഞ്ചായത്തിലെ തൃക്കൈപറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍ മേപ്പാടി പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് ഭവന പദ്ധതി യാഥാർഥ്യമാകുന്നത്. വിലക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയർ ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുക. മൂന്ന് മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീടിൻ്റെ ഘടന. ശുദ്ധജലും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്. പദ്ധതി പ്രദേശത്ത് നിന്ന് കല്‍പ്പറ്റയിലേക്കും മേപ്പാടിയിലേക്കും ഒരേ പോലെ എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും.