വയനാട് പുനരധിവാസ0 ; ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ

എറണാകുളം: വയനാട് പുനരധിവാസം പദ്ധതിയിൽ സംസ്ഥാനത്തിന്‍റെ ഫണ്ട് വിനിയോഗ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ വർഷം ഡിസംബർ 31 വരെയാണ് സംസ്ഥാനത്തിന് ഫണ്ട് വിനിയോഗിക്കാൻ ഉപാധികളോടെ കേന്ദ്രം കാലാവധി നീട്ടി നൽകിയത്. ഇക്കാര്യം കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
ഉപാധികളിൽ വ്യക്തത വരുത്താത്തതിൽ കേന്ദ്രത്തിന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും വിമർശനവും ഉണ്ടായി. കാര്യങ്ങൾ നിസാരമായി എടുത്ത് കലക്ക വെള്ളത്തിൽ മീൻ പിടിക്കരുതെന്ന് ഡിവിഷൻ ബഞ്ച് ഓർമിപ്പിച്ചു. ഹൈക്കോടതിക്ക് മുകളിലാണ് ഡൽഹി ഉദ്യോഗസ്ഥരെന്ന് കരുതുന്നുണ്ടോയെന്നും അടുത്ത വിമാനത്തിൽ ഉദ്യോഗസ്ഥരെ ഹൈക്കോടതിയിൽ എത്തിക്കാൻ കഴിയുമെന്നും ഡിവിഷൻ ബഞ്ച് പറഞ്ഞു.
തിങ്കളാഴ്‌ച ഫണ്ട് വിനിയോഗ കാലാവധി നീട്ടിയതിൽ വ്യക്തത വരുത്തി കേന്ദ്രം സത്യവാങ്മൂലം നൽകണം. ബാങ്ക് ഓഫ് ബറോഡയടക്കം ദുരിത ബാധിതരിൽ നിന്നും വായ്‌പ തിരിച്ചെടുക്കൽ നടപടികൾ സ്വീകരിക്കുന്നുവെന്ന ആക്ഷേപത്തിന്മേലും കേന്ദ്രം മറുപടി നൽകണമെന്നും കോടതി അറിയിച്ചു.
ഈ മാസം 31നകം പുനരധിവാസ പദ്ധതിക്കായി നൽകിയ ഫണ്ട് വിനിയോഗിക്കണമെന്നായിരുന്നു നേരത്തെ കേന്ദ്രം സംസ്ഥാനത്തിന് നൽകിയ നിർദേശം. ഇത് ബുദ്ധിമുട്ടാണെന്നും പദ്ധതികൾ ഈ മാസം 31ന് തന്നെ പൂർത്തിയാക്കാൻ സാധിക്കില്ലെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.