ബെംഗളൂരുവിൽ ജെസിബിയിൽ ദുരന്തബാധിത പ്രദേശങ്ങളിലെത്തി എംഎൽഎ

ബംഗളൂരു: ബംഗളൂരുവിൽ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടുകൾക്കിടയിലും ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദര്‍ശിച്ച് എംഎൽഎ ബി ബസവരാജ്. തിങ്കളാഴ്ച സായി ലേഔട്ടിലെ ദുരിതബാധിത പ്രദേശം എംഎൽഎ സന്ദർശിച്ചത് ജെസിബിയിലായിരുന്നു . ചില പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഉപയോഗിക്കുന്ന ജെസിബികളിലാണ് എംഎൽഎ എത്തിയത്.
വീടുകളിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാനാണ് ജെസിബി ഉപയോഗിച്ച് വെള്ളക്കെട്ട് നീക്കുന്നത്. കഴിഞ്ഞ 48 മണിക്കൂറായി ബംഗളൂരുവിൽ കനത്ത മഴ തുടരുകയാണ്.മഴ കനത്തതോടെ താഴ്ന്ന പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് കാരണമായിരുന്നു. ഇത് സാധാരണ ജീവിതത്തെ സാരമായി തന്നെ ബാധിച്ചു. കനത്ത വെള്ളക്കെട്ടിൽ വിവിധയിടങ്ങളിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണു. നിരവധി വാഹനങ്ങൾക്ക് കേടുപാടുണ്ടാവുകയും ചെയ്തു. നഗരത്തിൽ നേരത്തെ തന്നെയുള്ള ട്രാഫിക് പ്രശ്നങ്ങൾക്ക് വെള്ളക്കെട്ട് ആക്കം കൂട്ടി. പെട്ടെന്നുണ്ടായ കനത്ത മഴയെ നേരിടാൻ നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങളും പരാജയപ്പെട്ടു. ആളുകളുടെ കാൽമുട്ടോളം വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു.