13-ാമത് വാട്ടർ മെട്രൊ യാനം കൈമാറി
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡ് നിർമിച്ച 13ാമത് വാട്ടർ മെട്രൊ യാനം കൊച്ചി വാട്ടർ മെട്രൊയ്ക്ക് ജലഗതാഗതത്തിനായി കൈമാറി. കപ്പൽശാലയിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രൊ, ഷിപ്യാർഡ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊച്ചി മെട്രൊയ്ക്ക് വേണ്ടി ചീഫ് ജനറൽ മാനെജർ ഷാജി. പി ജനാർദനനും കൊച്ചിൻ ഷിപ്യാർഡിനു വേണ്ടി ചീഫ് ജനറൽ മാനെജർ എസ്. ഹരികൃഷ്ണനും കൈമാറ്റ കരാറിൽ ഒപ്പുവച്ചു.
ഇലക്ട്രിക് ഹൈബ്രിഡ് 100 പാക്സ് വാട്ടര്‍ മെട്രൊ ഫെറി ബിവൈ 137 ആണ് ഇന്നലെ ഗതാഗതത്തിനായി കൈമാറിയത്. പാരിസ്ഥിതിക സൗഹാർദമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത് ജനങ്ങൾക്ക് അത്യാധുനീക നിലവാരത്തിലുള്ള ഗതാഗത സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിനായി ചേർന്ന് പ്രവർത്തിക്കാൻ ഇരു സ്ഥാപനങ്ങളും പ്രതിജ്ഞാബന്ധരാണെന്ന് കൊച്ചിൻ ഷിപ്യാർഡും കൊച്ചി മെട്രൊ റെയ്ലും സംയുക്തമായി അറിയിച്ചു.
കാര്യക്ഷമവും പരിസ്ഥിതി സൗഹൃദവും സൗകര്യപ്രദവുമായ ഗതാഗത സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനു രൂപകല്‍പ്പന ചെയ്തിരിക്കുന്ന അത്യാധുനിക യാനമാണിത്. സുസ്ഥിരതയിലും പാരിസ്ഥിതിക ഉത്തരവാദിത്തത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിക്കുന്ന ഈ ഫെറി കുറഞ്ഞ മലിനീകരണം ഉറപ്പാക്കുന്നതിനും പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും ഇലക്ട്രിക് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയതാണ്.