ബാറ്ററി കടിച്ചുപൊട്ടിച്ചു വളർത്തുനായ;അഗ്നിബാധയിൽ വീട് കത്തിനശിച്ചു
വാഷിങ്ടണ്‍: അരുമകളായ വളര്‍ത്തുമൃഗങ്ങളുടെ കുസൃതിവീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത് പതിവാണ്. അത്തരം വീഡിയോകള്‍ വലിയ ലൈക്കുകളും ഷെയറുകളും നേടുന്നതും പതിവാണ്. എന്നാല്‍, അമേരിക്കയില്‍നിന്ന് പുറത്തുവന്ന ഈ വീഡിയോ അരുമ നായ്കളുടെ കുസൃതി ഒരു വീട്ടിൽ തീപ്പിടിത്തത്തിന് കാരണമാകുന്നതാണ്.
ഒക്ലഹോമയിലെ വീട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വീടിനുള്ളിൽ കളിക്കുന്നതിനിടെ വളർത്തുനായ ഒരു ബാറ്റി കടിക്കുന്നതും തുടർന്ന് ബാറ്ററിയിൽനിന്ന് തീ ഉയരുന്നതുമാണ് വീഡിയോയിലുള്ളത്. അധികം വൈകാതെ തീ ആളിപ്പടരുകയും വലിയ അഗ്നാബാധയാകുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. വീടിനുള്ളിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ 36 സെക്കന്റ് മാത്രമുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
തല്‍സ ഫയര്‍ ഡിപാര്‍ട്ട്മെന്റ് പങ്കുവെച്ച വീഡിയോ കോളിന്‍ റഗ്ഗ് എന്ന വ്യക്തിയാണ് എക്സില്‍ ഷെയര്‍ ചെയ്തത്. രണ്ട് നായകളും ഒരു പൂച്ചയുമാണ് വീഡിയോയിലുള്ളത്. നായകളിലൊന്ന് ബാറ്ററി കടിക്കുന്നതും നിമിഷങ്ങള്‍ക്കകം അത് പൊട്ടിത്തെറിച്ച് വീടിനു തീപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. തീപടർന്നതോടെ നായ ഓടിരക്ഷപ്പെടുന്നതും, പിന്നീട് തീപടരുന്നത് നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം.
അഗ്നിശമനസേന നടത്തിയ ഇടപെടലാണ് വലിയ അപായമൊഴിവാക്കിയത്. ഒരുപാട് ഊര്‍ജം സൂക്ഷിക്കാന്‍ കഴിവുള്ള ലിഥിയം-അയണ്‍ ബാറ്ററിയില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി തല്‍സ ഫയര്‍ ഡിപാര്‍ട്ട്മെന്റിന്റെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ ആന്‍ഡി ലിറ്റില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഉപഭോക്തൃ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചു മാത്രമേ ഇത്തരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.