‘യുദ്ധാനന്തര ഭൂവിതാനങ്ങള്‍’ ചിത്ര പ്രദർശനം മഹാത്മാ മന്ദിരത്തിൽ ആരംഭിച്ചു
കണ്ണൂർ: പ്രശസ്ത കലാകാരനും കേരള ലളിതകലാ അക്കാദമി ചെയർമാനുമായ മുരളി ചീരോത്ത് ക്യൂറേറ്റ് ചെയ്ത ‘സെന്‍സ് ഓഫ് വേര്‍ തിംഗ്സ് ബിലോംഗ് – യുദ്ധാനന്തര ഭൂവിതാനങ്ങള്‍’ എന്ന ഗ്രൂപ്പ് ഷോ കണ്ണൂർ മഹാത്മാ മന്ദിരത്തിലുള്ള ഗാലറി ഏകാമിയിൽ ആരംഭിച്ചു. ധന്യ എം.സി., ഖദീജ സയാൻ, പ്രകാശൻ കെ.എസ്., ഷാദിയ സി.കെ., ശ്രുതി ശിവകുമാർ, വിശ്വതി ചെമ്മന്തട്ട എന്നീ ആറ് സമകാലിക കലാകാരരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ പ്രദർശനം നമ്മുടെ കാലത്തെ നിര്‍വ്വചിക്കുന്ന സങ്കീര്‍ണ്ണമായ പാരിസ്ഥിതിക, ദാര്‍ശനിക ഉത്കണ്‍ഠകള്‍ അന്വേഷിക്കുന്ന ഒന്നാണ് എന്ന് ക്യൂറേറ്റർ പറഞ്ഞു. “എന്നാല്‍ കേരളത്തില്‍ നിന്നുള്ള ആറ് കലാകാരരെ ഒന്നിച്ചുകൊണ്ടുവരുന്ന ഈ പ്രദര്‍ശനം, യുദ്ധം എന്ന ആശയത്തെ അതിന്‍റെ ഭൗതികമായ സംഘര്‍ഷത്തിനപ്പുറം പ്രതിഷ്ഠിക്കാനാണ് ശ്രമിക്കുന്നത് – അത് ആന്തരികമായ യുദ്ധവുമാകാം… മനോഭൂമികയിലെ സംഘര്‍ഷങ്ങള്‍,” അദ്ദേഹം കൂട്ടിച്ചേർത്തു.
കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്നങ്ങള്‍, മനുഷ്യന്‍റെ ചെയ്തികളുടെ അനന്തരഫലങ്ങള്‍ തുടങ്ങിയ സമകാലിക വെല്ലുവിളികള്‍ ഇവരുടെ കലയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിന്‍റെ ഒരു അന്വേഷണം കൂടിയാണ് ഈ പ്രദർശനം.
കേവലമായ ഭൂപ്രകൃതി ചിത്രീകരണങ്ങള്‍ക്കപ്പുറം, ആവാസവ്യവസ്ഥകളുടെ കാതല്‍ തേടുന്നവയാണ് ധന്യയുടെ സൃഷ്ടികള്‍, മനുഷ്യന്‍റെ ചെയ്തികളുടെ സ്വാധീനം എങ്ങിനെ പരിസ്ഥിതിയിലും കാലാവസ്ഥയിലും പ്രതിഫലിയ്ക്കുന്നു എന്ന് ഇത് നോക്കിക്കാണുന്നു. ശ്രുതി ശിവകുമാറാകട്ടെ തന്‍റെ കലാസൃഷ്ടികളില്‍ സ്ഥലം, സമയം, മാനവികതയും പ്രകൃതിയും തമ്മിലുള്ള സൂക്ഷ്മമായ സന്തുലിതാവസ്ഥ എന്നിവയുടെ സഹവര്‍ത്തിത്വം ആരായുന്നത് നമുക്ക് കാണാനാവും. വരകളും വര്‍ണ്ണങ്ങളും വിദഗ്ദ്ധമായി ഉപയോഗിച്ച് പ്രാദേശിക പുരാവൃത്തങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍, സൗന്ദര്യശാസ്ത്രം എന്നിവയുമായി ബന്ധപ്പെട്ട ബിംബങ്ങളുടെ സംയോജനമാണ് പ്രകാശന്‍റെ കലയില്‍ മൂര്‍ത്തമാകുന്നത്.
അതേസമയം, വാസ്തുവിദ്യയെയും കലയെയും പരസ്പരം ബന്ധിപ്പിക്കുന്ന ഖദീജയുടെ കലാസൃഷ്ടികള്‍ ഭൗതിക പരീക്ഷണങ്ങള്‍, ഇടങ്ങളുടെ ദൃശ്യവല്‍ക്കരണം, പാരിസ്ഥിതിക സുസ്ഥിരത എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവയാണ്. ഷാദിയയുടെ സൃഷ്ടികളിൽ സസ്യജാലങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും അന്വേഷണത്തെ ചുറ്റിപ്പറ്റിനിന്ന്, മണ്ണടിഞ്ഞ ഓര്‍മ്മകളുമായി ആഴത്തില്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്ന ഒരു വിഷാദസ്വരത്തെ പ്രതിഫലിപ്പിക്കുന്നത് കാണാനാവും. വിശ്വതിയുടെ ചിത്രങ്ങളില്‍ കടന്നുവരുന്നതാകട്ടെ, മൃഗങ്ങളുടെയും മനുഷ്യരുടെയും ബിംബങ്ങളാണ്. അതിജീവനത്തിന്‍റെയും പരസ്പരാശ്രിതത്വത്തിന്‍റെയും പ്രതീകങ്ങള്‍ കൂടിയാണ് എന്ന് നമുക്ക് കാണാനാവും.
ഈ പ്രദര്‍ശനത്തിലെ സൃഷ്ടികള്‍ കലാകാരരുടെ ആന്തരിക ഭൂമികയോടൊപ്പം ബാഹ്യലോകത്തെയും പ്രതിഫലിപ്പിക്കുകയും, അങ്ങിനെ ഇവ ഒരേസമയം ആഗോള പ്രശ്നങ്ങളുമായും തീര്‍ത്തും വ്യക്തിഗതമായ ആഖ്യാനങ്ങളുമായും കാഴ്ചക്കാരെ ബന്ധിപ്പിക്കുകയും ചെയ്യുന്നുണ്ട് എന്ന് മുരളി ചീരോത്ത് പറഞ്ഞു. ഈ പ്രദര്‍ശനം ലോകത്തിന്‍റെ ദുര്‍ബലമായ അവസ്ഥയ്ക്ക് നേരെ കണ്ണാടി പിടിക്കുക മാത്രമല്ല, അത് മാറ്റാന്‍ നമ്മള്‍ ഒന്നായി യത്നിക്കണമെന്ന് ഉറക്കെ പറയുകയും ചെയ്യുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 9 വരെ നീണ്ടുനിൽക്കുന്ന ഈ പ്രദർശനത്തിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ഇതിൽ പങ്കെടുക്കുന്ന കലാകാരരുടെ സൃഷ്ടികളുടെ സ്ലൈഡ് ഷോ, ക്യൂറേറ്ററുമായുള്ള സംവാദം എന്നിവയും ഉണ്ടാകുമെന്ന് ഗാലറി അറിയിച്ചു. പ്രദർശനം നവംബർ 9 വരെ ഉണ്ടായിരിക്കും