പാകിസ്താൻ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു: സംയുക്ത സൈനിക മേധാവി

0
ANIL CHAU

ന്യൂഡല്‍ഹി: പാകിസ്താനുമായുളള യുദ്ധത്തില്‍ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍. അന്തര്‍ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്നതല്ല എന്തിന് വെടിവെച്ചിട്ടു എന്നതാണ് പ്രധാനമെന്നും ആറ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന പാകിസ്താന്‍ വാദം തെറ്റാണെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് പാകിസ്താനുമായുളള സംഘര്‍ഷത്തിനിടെ ഉണ്ടായ നഷ്ടങ്ങളെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു അനില്‍ ചൗഹാന്റെ മറുപടി. ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങളാണ് നഷ്ടമായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല.

പാകിസ്താനുമായുളള സംഘര്‍ഷത്തിന്റെ ആദ്യ ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് നഷ്ടങ്ങളുണ്ടായി. ഇതോടെ ഇന്ത്യ തന്ത്രങ്ങള്‍ മാറ്റി. ഇതിലെ നല്ല കാര്യം എന്തെന്നാല്‍ തെറ്റ് മനസിലാക്കാനും അത് പരിഹരിക്കാനും തിരുത്താനും കഴിഞ്ഞു എന്നതാണ്. നമ്മള്‍ വീണ്ടും യുദ്ധവിമാനങ്ങള്‍ പറത്തുകയും പാകിസ്താനിലെ വ്യോമതാവളങ്ങള്‍ ആക്രമിക്കുകയും ചെയ്തു അനില്‍ ചൗഹാന്‍ പറഞ്ഞു. മെയ് 28-ന് സംഘര്‍ഷം ആരംഭിച്ച് ആദ്യ ദിവസം തന്നെ റാഫേല്‍ ഉള്‍പ്പെടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ തങ്ങള്‍ വെടിവെച്ചിട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അവകാശപ്പെട്ടിരുന്നു.

സംയുക്ത സൈനിക മേധാവിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ ഓപ്പറേഷന്‍ സിന്ദൂറില്‍ അവലോകന സമിതി രൂപീകരിക്കുമോ എന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ജയ്‌റാം രമേശാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തിനുശേഷം വാജ്‌പേയി സര്‍ക്കാര്‍ കാര്‍ഗില്‍ അവലോകന സമിതി രൂപീകരിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

ഏപ്രില്‍ 22-നാണ് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണമുണ്ടായത്. പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്നും ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ ഒരു വിദേശിയുള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചിരുന്നു. ഇതിന് തിരിച്ചടിയായി ഇന്ത്യൻ അതിർത്തിയിലെ ജനവാസ മേഖലകളിൽ പാകിസ്താൻ ഡ്രോൺ, ഷെൽ, മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനം ഈ ആക്രമണങ്ങൾ വിഫലമാക്കിയിരുന്നു. ഇതിന് പിന്നാലെ പാകിസ്താൻ്റെ വ്യോമകേന്ദ്രങ്ങളിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. മെയ് പത്തിനാണ് ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലുണ്ടായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *