വഖഫ് സംരക്ഷണ പ്രതിഷേധം: ജമാഅത്ത് ഇസ്‌ലാമിയെ വിമർശിച്ച് സമസ്ത എ.പി

കോഴിക്കോട്: ജമാഅത്ത് ഇസ്‌ലാമിയുടെ യുവജന – വിദ്യാർഥി സംഘടനകൾ സംയുക്തമായി നടത്തിയ വഖഫ് ഭേദഗതി വിരുദ്ധ സമരത്തെ വിമർശിച്ച് സമസ്ത എ.പി വിഭാഗം. കഴിഞ്ഞ ദിവസം നടന്ന കരിപ്പൂർ വിമാനത്താവള ഉപരോധസമരത്തിൽ മുസ്‌ലിം ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉപയോഗിച്ചതിനാണ് വിമർശനം. വഖഫ് സംരക്ഷണ പ്രക്ഷോഭവും ബ്രദർഹുഡും തമ്മിൽ ? എന്ന് തലക്കെട്ടിലുള്ള എഡിറ്റോറിയലിൽ ജമാഅത്തെ ഇസ്‌ലാമിയുടെ വഖഫ് സംരക്ഷണത്തിനെതിരെയുളള കാഴ്ചപ്പാടിനെ നിശിതമായി വിമർശിക്കുന്നു.
ബ്രദർഹുഡിൻ്റെ നേതാക്കളായ ഹസനുൽ ബന്നയുടെയും മുഹമ്മദ് ഖുത്വുബിൻ്റെയും ചിത്രം ഉയർത്തിപ്പിടിച്ചാണ് സോളിഡാരിറ്റി – എസ്ഐ ഒ സമരം നടത്തിയതെന്നും ഈജിപ്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ കരിമ്പട്ടികയിൽപ്പെടുത്തിയ സംഘടനയാണ് ബ്രദർഹുഡെന്നും എഡിറ്റോറിയലിൽ പറയുന്നു.
മുസ്‌ലിങ്ങളെ ലക്ഷ്യമാക്കിയാണ് മോദി സർക്കാർ വഖഫ് ഭേദഗതി നിയമം പാസാക്കിയതെങ്കിലും ഭരണഘടന ഉറപ്പ് നൽകുന്ന മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കൈയേറ്റമെന്ന നിലയിൽ മതേതര പ്രസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ഈ നിയമത്തെ പ്രതിരോധിക്കാൻ രംഗത്തുവന്നിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വഖഫ് നിയമത്തിനെതിരെയെന്ന പേരിൽ സംഘടിപ്പിച്ച സമരം സോളിഡാരിറ്റിയും എസ്ഐഒയും തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയതായി ലേഖനത്തിൽ വിമർശിക്കുന്നു.മതേതര ഇന്ത്യ ഒന്നിച്ച് ഏറ്റെടുത്ത വഖഫ് നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ജമാഅത്തെ ഇസ്‌ലാമി സംഘടന താത്പര്യവും മതരാഷ്ട്ര നിലപാടും പ്രകടിപ്പിച്ചത് മുസ്‌ലിം ഇതര സംഘടനകൾ പ്രക്ഷോഭ രംഗത്തു നിന്ന് മാറിനിൽക്കാൻ വഴിവെച്ചേക്കുമെന്ന് എപി സമസ്തയുടെ പൂർണ നിയന്ത്രണത്തിലുള്ള സിറാജ് പത്രം ആശങ്കപ്പെടുന്നു.