വഖഫ് ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു :ചർച്ച പുരോഗമിക്കുന്നു

ന്യുഡൽഹി: : വഖഫ് ഭേദഗതി ബില്ലിന്മേൽ രാജ്യസഭയിൽ ചർച്ച പുരോഗമിക്കുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്രമന്ത്രി കിരൺ റിജിജുവാണ് രാജ്യസഭയിലും ബിൽ അവതരിപ്പിച്ചത്. വഖഫ് നിയമ ഭേദഗതി ബിൽ ‘ഉമീദ്’ ബിൽ എന്ന പേരിൽ അറിയപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. യൂനിഫൈഡ് വഖഫ് മാനേജ്മെന്റ് എംപവർമെന്റ് എഫിഷ്യൻസി ആന്റ് ഡെവലപ്മെന്റ് ബിൽ എന്നുള്ളതിന്റെ ചുരുക്ക രൂപമാണ് ഉമീദ്. പ്രതീക്ഷ എന്നാണ് വാക്കിന്റെ നേരിട്ടുള്ള അർത്ഥം.
ബില്ലിന്മേൽ 8 മണിക്കൂറാണ് ചർച്ച നടക്കുക. രാജ്യത്തെ എല്ലാ സംസ്ഥാന സർക്കാരുമായും ന്യൂനപക്ഷ കമ്മീഷനുമായും ചർച്ച നടത്തി രൂപപ്പെടുത്തിയതാണ് ഇപ്പോൾ അവതരിപ്പിക്കുന്ന ബില്ല്. ജെപിസി എല്ലാ നിർദേശങ്ങളും സ്വീകരിച്ചുവെന്നും ജെപിസി അംഗങ്ങൾക്ക് നന്ദി അറിയിക്കുകയാണെന്നും കിരൺ റിജിജു രാജ്യസഭയിൽ ബില്ലവതരണത്തിനിടെ പറഞ്ഞു.
അതേസമയം ഇന്ന് രാജ്യസഭയിലും മുനമ്പം വിഷയം കിരൺ റിജിജു ഉന്നയിച്ചു. പാവപ്പെട്ട 600 ക്രിസ്ത്യൻ കുടുംബങ്ങളുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശമുന്നയിച്ചിരിക്കുന്നുവെന്നും പ്രശ്ന പരിഹാരത്തിന് കെസിബിസിയടക്കം നിവേദനം നൽകിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എംപിമാർക്ക് മേലിലും ഇക്കാര്യത്തിൽ സമ്മർദ്ദമുണ്ടെന്നും വിവേകപൂർവം ബില്ലിനെ പിന്തുണക്കണമെന്നാണ് പറയാനുള്ളതെന്നും റിജിജു ബിൽ അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും കിരൺ റിജിജു കൂട്ടിച്ചേർത്തു.
4.9 ലക്ഷം വഖഫ് ഭൂമി രാജ്യത്ത് ഉണ്ട്. എന്നാൽ വരുമാനം വളരെ കുറവാണ്. നേരായ വഖഫിന്റെ ഉപയോഗം ശരിയായ ദിശയിലേക്ക് നയിക്കുകയാണ് ചെയ്യുക. എല്ലാ നിർദേശങ്ങളും സ്വീകരിച്ച് മാറ്റങ്ങൾ വരുത്തിയ ബില്ലാണ് സഭയിലേക്ക് കൊണ്ടുവന്നത്.ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
കോൺഗ്രസിന് കഴിയാത്തത് നടപ്പിലാക്കാനാണ് നരേന്ദ്രമോദി സർക്കാർ ഈ ബില്ല് കൊണ്ടുവന്നത്. മുസ്ലിം വിശ്വാസത്തിൽ കൈകടത്തുകയല്ല ചെയ്യുന്നത്. യുപിഎ സർക്കാർ ഡൽഹിയിലെ 123 സർക്കാർ സ്വത്ത് വഖഫിന് നൽകി. പുതിയ ബിൽ ഒരു അധികരവും തട്ടിയെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബില്ലിൽ ഭേദഗതി വരുത്തിയ നടപടികളേക്കാൾ മികച്ചതായാണ് തങ്ങൾ നടത്തിയത്. ബില്ലിന്റെ ഗുണം അമുസ്ലിങ്ങൾക്ക് അല്ല മുസ്ലിങ്ങൾക്ക് തന്നെയായിരിക്കും. അമുസ്ലിങ്ങൾ വഖഫിൽ ഇടപെടും എന്ന വ്യാജ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ സുതാര്യതയാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുസ്ലിം ഭൂമികളിലോ ആരാധനാലയങ്ങളിലോ അമുസ്ലിംകൾ കൈകടത്തുകയില്ലെന്ന് കിരൺ റിജിജു കൂട്ടിച്ചേർത്തു.
അതേസമയം, മുസ്ലിം സംഘടനകളെ പ്രതിനിധീകരിക്കുന്ന സംവിധാനമല്ല വഖഫ് ബോര്‍ഡ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്.നിയമം മൂലം സ്ഥാപിതമായ ഭരണ സംവിധാനമാണെന്നാണ് കോടതി പറഞ്ഞിട്ടുള്ളതെന്നും ഹൈക്കോടതി വിധി പരാമര്‍ശിച്ചുകൊണ്ട് റിജിജു രാജ്യസഭയിൽ പറഞ്ഞു.
എന്നാൽ ഇത് കിരാതമായ ബില്ലാണെന്നായിരുന്നു പ്രതിപക്ഷത്തു നിന്ന് ആദ്യം സംസാരിച്ച സയിദ് നസീർ ഹുസൈൻ എംപി പറഞ്ഞത്. 2013ൽ സമവായത്തിലൂടെയാണ് യുപിഎ സർക്കാർ വഖഫ് നിയമത്തിൽ ഭേദഗതികൾ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കോടതിയിൽ പോകാനുള്ള വ്യവസ്ഥ 2013ലെ ബില്ലിൽ ഇല്ലായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സിവിൽ കേസുകളിൽ കോടതികളിൽ തീർപ്പ് കൽപ്പിക്കാമെന്നത് ഉൾപ്പെടെയുള്ള വിശാല വ്യവസ്ഥകളാണ് ബില്ലിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും വോട്ടിനിട്ട് തള്ളി. പുലർച്ചെ വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കി ബില്ല് പാസാക്കിയത്.