വഖഫ് ഭേദഗതി : പ്രതിപക്ഷം മുസ്ലീം സമുദായത്തിൽ തെറ്റിദ്ധാരണയും ഭയവും സൃഷ്‌ടിക്കുന്നുവന്നു അമിത്ഷാ

0

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്ലിലൂടെ മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സർക്കാർ ആഗ്രഹിക്കുന്നുവെന്ന പ്രതിപക്ഷ അംഗങ്ങളുടെ വിമർശനം തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വഖഫ് സ്വത്തുക്കളുടെ മികച്ച മാനേജ്‌മെന്‍റാണ് നിയമ നിർമ്മാണത്തിലെ വ്യവസ്ഥകൾ ലക്ഷ്യമിടുന്നതെന്ന് അമിത്‌ ഷാ പറഞ്ഞു. ലോക്‌സഭയിൽ 2025-ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കുകായായിരുന്നു അദ്ദേഹം.

ബിൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കില്ല. പ്രതിപക്ഷ അംഗങ്ങൾ മുസ്ലീം സമുദായത്തിലെ അംഗങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ഭയവും സൃഷ്‌ടിക്കാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

“ബില്ലിനെ ഞാന്‍ പൂര്‍ണമായും അനുകൂലിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ നടക്കുന്ന ചർച്ച ഞാൻ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. നിരവധി അംഗങ്ങൾക്കിടയിൽ ഇതു സംബന്ധിച്ച് യഥാർത്ഥമായതോ അല്ലെങ്കില്‍ രാഷ്‌ട്രീയമായോ നിരവധി തെറ്റിദ്ധാരണകൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നു. കൂടാതെ, ഈ സഭയിലൂടെ രാജ്യമെമ്പാടും ആ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്”- അമിത് ഷാ പറഞ്ഞു.

മതവുമായി ബന്ധപ്പെട്ട പ്രക്രിയകളിൽ മുസ്ലീങ്ങളല്ലാത്തവരെ നിയമിക്കുന്നതിന് ബില്ലിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. “വഖഫ് നിയമവും ബോർഡും 1995-ൽ പ്രാബല്യത്തിൽ വന്നു. മുസ്ലീങ്ങളല്ലാത്തവരെ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുള്ള എല്ലാ വാദങ്ങളും വഖഫിലെ ഇടപെടലിനെക്കുറിച്ചാണ്. ഒന്നാമതായി, ഒരു മുസ്ലീമല്ലാത്ത ആരും വഖഫിൽ വരില്ല.

ഇത് വ്യക്തമായി മനസിലാക്കുക… മതസ്ഥാപനങ്ങൾ കൈകാര്യം ചെയ്യുന്നവരിൽ മുസ്ലീങ്ങളല്ലാത്ത ആരെയും ഉൾപ്പെടുത്താൻ അത്തരമൊരു വ്യവസ്ഥയില്ല. ഞങ്ങൾ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല… ഈ നിയമം മുസ്ലീങ്ങളുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുകയും അവർ ദാനം ചെയ്യുന്ന സ്വത്തിൽ ഇടപെടുകയും ചെയ്യുമെന്നത് വലിയൊരു തെറ്റിദ്ധാരണയാണ്. ന്യൂനപക്ഷങ്ങൾക്കിടയിൽ അവരുടെ വോട്ട് ബാങ്കിനായി ഭയം വളർത്തുന്നതിനാണ് ഈ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത്” -അദ്ദേഹം പറഞ്ഞു.

“മുസ്ലിം ഇതര അംഗങ്ങളെ എവിടെ ഉൾപ്പെടുത്തും? കൗൺസിലിലും വഖഫ് ബോർഡിലും. അവർ എന്തു ചെയ്യും?. അവർ ഒരു മതപരമായ പ്രവർത്തനവും നടത്തില്ല. വഖഫ് നിയമപ്രകാരം ആരെങ്കിലും സംഭാവന ചെയ്യുന്ന സ്വത്തിന്‍റെ ഭരണം, അത് നിയമപ്രകാരമാണോ നടക്കുന്നത്, സ്വത്ത് ദാനം ചെയ്‌ത ഉദ്ദേശ്യത്തിനായി ഉപയോഗിക്കുന്നുണ്ടോ എന്നിവ മാത്രമേ അവർ നോക്കൂ” അദ്ദേഹം കൂട്ടിച്ചേർത്തു.ഒരാൾക്ക് സ്വന്തം സ്വത്ത് മാത്രമേ ദാനം ചെയ്യാൻ കഴിയൂവെന്നും സർക്കാരിന്‍റെയോ മറ്റേതെങ്കിലും വ്യക്തിയുടേയോ സ്വത്ത് ദാനം ചെയ്യാൻ കഴിയില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഭരണപരമായ ചുമതലകൾ കൈകാര്യം ചെയ്യുന്ന 1995-ലെ നിയമത്തിലെ കൗൺസിൽ, ബോർഡ് എന്നിവയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിൽ മാത്രമേ മാറ്റങ്ങൾ വരുത്തിയിട്ടുള്ളൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *