വഖഫ് ഭേദഗതി: രാജ്യസഭയിൽ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ നേർക്കുനേർ പോര്

ന്യുഡൽഹി : വഖഫ് ഭേദഗതി ബില്ലിൻ മേൽ നടന്ന ചർച്ചക്കിടെ രാജ്യസഭയിൽ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ നേർക്കുനേർ പോര്. ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ കേന്ദ്ര സർക്കാരിനും ബി ജെ പിക്കുമെതിരെ രൂക്ഷ വിമർശനമാണ് സി പി എം എം.പി ജോൺ ബ്രിട്ടാസ് ഉയർത്തിയത്. വഖഫ് ഭേദഗതിക്കെതിരെ ആഞ്ഞടിച്ച ബ്രിട്ടാസ്, ബി ജെ പി ബഞ്ചിൽ എംപുരാനിലെ മുന്നയുണ്ടെന്നതടക്കമുള്ള വിമർശനം ഉയർത്തി. തൃശൂരിന് ഒരു തെറ്റ് പറ്റിയെന്നും അധികം വൈകാതെ കേരളം ആ തെറ്റ് തിരുത്തുമെന്നും ബ്രിട്ടാസ് പറഞ്ഞുവച്ചു. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതുപോലെ തൃശൂരിലെ ബി ജെ പി അക്കൗണ്ടും പൂട്ടുമെന്ന് സി പി എം എം.പി അഭിപ്രായപ്പെട്ടു. ഇതോടെയാണ് സുരേഷ് ഗോപി മറുപടിയുമായി രംഗത്തെത്തിയത്.എംപുരാൻ സിനിമയെ പറ്റി പറഞ്ഞുകൊണ്ടാണ് സുരേഷ് ഗോപി മറുപടി തുടങ്ങിയത്. എംപുരാൻ സിനിമയെ പറ്റി പറയുന്നവർക്ക് ടി പിയെ പറ്റിയുള്ള സിനിമയെ പറ്റി പറയാൻ പറ്റുമോയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയും ഓർമ്മിപ്പിച്ച സുരേഷ് ഗോപി, എംപുരാൻ സിനിമയിൽ മാറ്റം വരുത്താൻ സെൻസർ ബോർഡ് സമ്മർദം ചെലുത്തിയിട്ടില്ലെന്നും വിവരിച്ചു. സിനിമയിൽ നിന്നും തന്‍റെ പേര് നീക്കാൻ ആദ്യം പറഞ്ഞത് താൻ തന്നെയാണെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. സിനിമയിൽ വരുത്തേണ്ട മാറ്റങ്ങൾ താനല്ല തീരുമാനിക്കുന്നതെന്നും അത് പ്രൊഡ്യൂസറുടെയും സംവിധായകന്റെയും തീരുമാനമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ബി ജെ പിയെ താറടിക്കാനാണ് ശ്രമം നടത്തുന്നതെന്നും മുനമ്പം ഈ പ്രശ്നവുമായി നേരിട്ട് ബന്ധപ്പെടുന്നതാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.
വഖഫിനെ പറ്റി കേന്ദ്രമന്ത്രി കിരൺ റിജിജുവിന് എ ബി സി ഡി അറിയില്ലെന്ന് പറഞ്ഞു തുടങ്ങിയ ജോൺ ബ്രിട്ടാസ് പിന്നീട് രൂക്ഷമായ വിമർശനങ്ങളാണ് അയിച്ചുവിട്ടത്. വഖഫ് ബോർഡിൽ നിന്നും മുസ്ലീങ്ങളെ ഇല്ലാതാക്കാനാണ് ശ്രമമെന്നും ബ്രിട്ടാസ് പറഞ്ഞു. ക്രിസ്ത്യാനികളുടെ പേരിൽ ബി ജെ പി മുതലകണ്ണീർ ഒഴുക്കുകയാണ്. പക്ഷേ ജബൽ പൂരിൽ കഴിഞ്ഞ ദിവസവും ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നു. ഗ്രഹാം സ്റ്റെയിന്സിനെ ചുട്ടു കൊന്നില്ലേയെന്നും ജബൽ പൂർ വിഷയം ഉയർത്തി ബ്രിട്ടാസ് ചോദിച്ചു. ബി ജെ പി ബെഞ്ചിൽ എംപുരാനിലെ മുന്നയുണ്ട്. തൃശൂർകാർക്ക് ഒരു തെററുപറ്റി, ആ തെറ്റ് കേരളം വൈകാതെ തിരുത്തുമെന്നും ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. ആർക്കും ഭയക്കാതെ ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വിവരിച്ചു. മുനമ്പം, മുനമ്പം എന്ന് പറയുന്നത് മുതലകണ്ണീർ ഒഴുക്കലാണെന്നും ബി ജെ പിയുടേത് ആത്മാർത്ഥതയില്ലാത്ത നിലപാടാണെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.