വഖഫ് ഭേദഗതി ബില്ല് : “കാവൽക്കാരൻ തന്നെ കയ്യേറുന്ന അവസ്ഥ”:സാദിഖലി തങ്ങൾ

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലൂടെ കാവൽക്കാരൻതന്നെ കയ്യേറുന്ന അവസ്ഥ ആയിരിക്കുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. കോഴിക്കോട് കടപ്പുറത്ത് വഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. വഖഫ് ഇന്ത്യയിൽ കാലങ്ങളായി നിൽക്കുന്ന പ്രസ്ഥാനമാണ്. രാജ്യത്തിൻ്റെ ഭരണഘടനയെ ചെറുതാക്കുന്ന നിയമമാണ് ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. ഭേദഗതി മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന ഒന്നല്ല. ജനങ്ങൾക്കിടയിൽ അകൽച്ച ഉണ്ടാക്കുന്ന നിയമ നിർമാണം നടത്തുന്ന സ്ഥലമായി പാർലമെൻ്റ് മാറിയെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.സുപ്രീം കോടതിയിൽനിന്ന് നീതി പ്രതീക്ഷിക്കാം. അതിനുള്ള സൂചന ഇന്ന് ലഭിച്ചു. ഫാസിസ്‌റ്റുകൾ അവർക്ക് ഇഷ്ടമില്ലാത്തവരെ ശത്രുക്കളായി കാണുന്നു. അത് എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് ലീഗ്. സംസ്ഥാന സർക്കാരാണ് ഇവിടെ തീരുമാനമെടുക്കേണ്ടത്. കേരള കേന്ദ്ര സർക്കാരുകൾ മുനമ്പം വിഷയം രാഷ്ട്രീയപരമായി ഉപയോഗിക്കാൻ ശ്രമിച്ചുവെന്നും സാദിഖലി പറഞ്ഞു.