തോടുകളിൽ മാലിന്യം തള്ളുന്നത് ആളെ കൊല്ലുന്നതിനു തുല്യം: ഹൈക്കോടതി
കൊച്ചി: ആമയിഴഞ്ചാൻ തോട് ദുരന്തത്തിനു പിന്നാലെ നഗരത്തിലെ മാലിന്യപ്രശ്‌നത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. മാലിന്യം തോടുകളിൽ തള്ളുന്നത് ആളെക്കൊല്ലുന്നതിന് തുല്യമെന്നും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിൽ ജനത്തിന്‍റെ കണ്ണ് തുറപ്പിക്കുന്ന ഇടപെടലുണ്ടാവണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റേതാണ് രൂക്ഷവിമര്‍ശനം.
ആമയിഴഞ്ചാന്‍ തോടിന് സമാനമാണ് കൊച്ചിയിലെ പല കനാലുകളും. കൊച്ചിയിലെ കനാലുകളിൽ സുഗമമായ ഒഴുക്ക് ഉറപ്പു വരുത്തണം. വൃത്തിയാക്കിയ കനാലുകളില്‍ എങ്ങനെ മാലിന്യമെത്തുന്നുവെന്നും ഹൈക്കോടതി ചോദിച്ചു. നിലവിലെ പ്രശ്‌നം പരിഹരിച്ചാല്‍ മാത്രം പോരാ, ഭാവിയില്‍ വീണ്ടും മാലിന്യം തള്ളുന്ന സാഹചര്യവും ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിഷയത്തിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്മേലുള്ള കാര്യങ്ങൾ പരിശോധിച്ച് വിലയിരുത്താൻ അമിക്കസ് ക്യൂറിയ്ക്ക് നിർദേശം നൽകി. സ്ഥലം സന്ദര്‍ശിച്ച് നിലവിലെ സ്ഥിതി വിലയിരുത്താനാണ് നിര്‍ദ്ദേശം. വെള്ളക്കെട്ട് സംബന്ധിച്ച കേസ് ജൂലൈ 31-ലേക്ക് പരിഗണിക്കാനായി മാറ്റി. ജോയിയെ പുറത്തെത്തിക്കാൻ മാലിന്യം നിറഞ്ഞ തോട്ടിൽ ഇറങ്ങി തിരച്ചിൽ നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ഹൈക്കോടതി പ്രകീര്‍ത്തിച്ചു