വിഎസിന്റെ പ്രവർത്തന ശൈലി

അനാഥത്ത്വത്തിൻ്റെ നൊമ്പരവും ദാരിദ്ര്യത്തിൻ്റെ കയ്പും നിറഞ്ഞ ബാല്യം. പോരാട്ടത്തിൻ്റെ വീര്യം തുളുമ്പിയ യുവത്വം. അനാദൃശ്യമായ ആത്മ സമർപ്പണം. യാതനാപൂർണ ങ്ങളായ അനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത ജീവിതമായതിനാലായിരിക്കാം വി.എസ്.അച്യുതാനന്ദന് പരുക്കനും, കടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമെന്ന പ്രകൃതം ഉണ്ടായത്.
1964ൽ ഇന്ത്യൻ കമ്യുണിസ്റ്റ് പാർട്ടി പിളർത്തി നാഷനൽ കൗൺസിൽ യോഗത്തിൽനിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക ആൾ ആയ വി.എസ് പാർട്ടി വേദികളിലും പാർലമെന്ററി രംഗത്തും കർക്കശക്കാരനായ നേതാവായാണ് വിലയിരുത്തപ്പെടുന്നത്. സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം എന്നാണ് അച്യുതാനന്ദനെ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി നടത്തുന്ന ഇടപെടലുകളാണ് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത്. എന്നാൽ ഏറെക്കാലം പാർട്ടിയിൽ തന്റെ മേൽക്കോയ്മ നിലനിർത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കേരള നിയമസഭകണ്ട ഏറ്റവും ശക്തനായ പ്രതിപക്ഷ നേതാക്കളിലൊരാളാണ് അച്യുതാനന്ദൻ.
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ തന്റെ പ്രവർത്തനാരംഭം മുതൽ തിരുത്തൽ ശക്തിയായാണ് വി.എസ്. അറിയപ്പെടുന്നത്. 1980കളിൽ പാർട്ടിയിലെ ഒരു വിഭാഗം മുസ്ലീം ലീഗുമായി സഖ്യമുണ്ടാക്കി അധികാരത്തിലെത്താൻ ശ്രമം നടത്തിയപ്പോൾ അതിനെ ഉൾപ്പാർട്ടിവേദികളിൽ അതിനിശിതമായി എതിർത്തവരിലൊരാളാണ് അച്യുതാനന്ദനെന്നു കരുതപ്പെടുന്നു. ബദൽ രേഖ എന്നു വിശേഷിപ്പിക്കപ്പെട്ട ഈ നയവ്യതിയാനത്തിനു രൂപം നൽകിയവരെ പിന്നീട് പാർട്ടിയിൽ നിന്നു പുറത്താക്കി. 2006-ൽ സി.പി.എംന്റെ എക്കാലത്തെയും എതിരാളിയായിരുന്ന കെ.കരുണാകരൻ കോൺഗ്രസ് വിട്ട് രൂപവത്കരിച്ച് ഡി.ഐ.സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെയും അച്യുതാനന്ദൻ ശക്തിയുക്തം എതിർത്തു. രൂക്ഷമായ എതിർപ്പിനെത്തുടർന്ന് പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ ഇടപെട്ട് ഈ സഖ്യം വേണ്ടെന്നു വയ്ക്കുകയായിരുന്നു.
എസ്.എൻ.സി. ലാവ്‌ലിൻ കേസിലും 2009-ലെ പൊതുതിരഞ്ഞെടുപ്പിൽ സി.പി.എം. പി.ഡി.പിയുമായി ഉണ്ടാക്കിയ സഖ്യത്തിൻറെ കാര്യത്തിലും പാർട്ടിയുടെ ഔദ്യോഗികനിലപാടിന് കടകവിരുദ്ധമായ നിലപാടാണ് വി.എസ്. അച്യുതാനന്ദൻ എടുത്തത്. ഇതിനെതിരെ പാർട്ടി സംസ്ഥാനകമ്മിറ്റി ദേശീയനേതൃത്വത്തിന് പരാതി നൽകുകയും അതിൻറെ അടിസ്ഥാനത്തിൽ ജുലൈ 11, 12 തീയതികളിൽ നടന്ന കേന്ദ്ര കമ്മിറ്റി വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയിൽനിന്ന് പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്തു. എങ്കിലും കേന്ദ്ര കമ്മിറ്റിയിൽ അംഗമായും കേരള മുഖ്യമന്ത്രിയും ആയി തുടരാൻ അദ്ദേഹത്തിന് അനുമതി നൽകി