വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കിറ്റ്: കേസെടുത്ത് പൊലീസ്
കല്‍പ്പറ്റ: വയനാട്ടില്‍ വിതരണം ചെയ്യുന്നതിനായി എത്തിച്ച ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. തോല്‍പ്പെട്ടി സ്വദേശി ശശികുമാറിനെതിരെയാണ് കേസെടുത്തത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണ് ശശികുമാര്‍.വയനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉള്‍പ്പടെ ചിത്രങ്ങള്‍ പതിച്ച കിറ്റുകളായിരുന്നു പിടിച്ചെടുത്തത്. 38 കിറ്റുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു.
തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് കിറ്റുകള്‍ പിടിച്ചെടുത്തത്. ശശികുമാറിന്റെ വീടിന്റെ പരിസരത്തുനിന്നായിരുന്നു കിറ്റുകള്‍ കണ്ടെത്തിയത്. കിറ്റില്‍ സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പടെ കോണ്‍ഗ്രസ് ദേശീയ നേതാക്കളുടെയും ചിത്രങ്ങളുണ്ടായിരുന്നു. ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളുമാണ് കിറ്റിലുണ്ടായിരുന്നത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കാനെന്നാണ് കിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിതരണം ചെയ്യാന്‍ നേരത്തെ എത്തിച്ചതാണ് കിറ്റുകളെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിശദീകരണം