കോൺഗ്രസിൽ അസംതൃപ്തിയുടെ സ്വരങ്ങൾ ഉയരുന്നു: രണ്ടുപേർക്ക് നോട്ടീസ്
മുംബൈ: രണ്ട് ദിവസം മുമ്പ് നാഗ്പൂർ സെൻട്രൽ കോൺഗ്രസ് സ്ഥാനാർത്ഥി ബണ്ടി ഷെൽക്കെയ്ക്ക് ‘കാരണം കാണിക്കൽ നോട്ടീസ് ‘നൽകിയ കോൺഗ്രസ്സ് നേതൃത്തം പാർട്ടിയിലെ മറ്റൊരു യുവ നേതാവിനും കാരണം നോട്ടീസ് നൽകിയിരിക്കുന്നു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് നസീം ഖാൻ രണ്ട് തവണ മത്സരിച്ച് പരാജയപ്പെട്ട ചാന്ദിവ്ലി നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യം കാണിച്ചതിനാലാണ് തനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്ന് മുംബൈ കോൺഗ്രസ് യുവ നേതാവ് സൂരജ് താക്കൂർ പറഞ്ഞു. യാതൊരു തെളിവുമില്ലാതെ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാണ് തനിക്കെതിരെയുള്ള ആരോപണം. മാത്രമല്ല, സംസ്ഥാന ഘടകത്തിന് നോട്ടീസ് നൽകാൻ സാധുതയില്ലാത്ത ഒരു എഐസിസി പ്രതിനിധിയാണ് ഞാൻ. എന്നാൽ നസീം ഖാൻ്റെ സമ്മർദത്തെത്തുടർന്ന് എനിക്കും നോട്ടീസ് ലഭിച്ചിരിക്കയാണ് സൂരജ് താക്കൂർ ഒരു ദേശീയമാധ്യമത്തിന് നൽകിയ പ്രതികരണത്തിൽ സൂചിപ്പിക്കുന്നു.
ഖാൻ്റെ ഒരു കൂട്ടാളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താക്കൂറിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പാർട്ടിയിലെ പതിവ് നടപടിക്രമമാണ് നോട്ടീസ് എന്നാണ് ഖാനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. “ഒരാൾക്കെതിരെ പരാതി ലഭിച്ചാൽ നേതൃത്വം മറുപടി തേടുന്നത് സ്വാഭാവികമാണ്. അതിൽ അസ്വാഭാവികമായി ഒന്നുമില്ല,” ഖാനോട് അടുപ്പമുള്ള ഒരു നേതാവ് പറഞ്ഞു
മറാത്ത്വാഡയിലെ ജൽന ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ എംഎൽഎയുമായ കൈലാസ് ഗോരന്ത്യാലും സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പിൽ ഉടനീളം സംസ്ഥാന നേതൃത്വത്തിൻ്റെ പിന്തുണ ലഭിച്ചില്ലെന്ന് ഗൊരാന്ത്യാൽ പറഞ്ഞു.
മഹാരാഷ്ട്ര കോൺഗ്രസ് മേധാവി നാനാ പട്ടോളെ ആർഎസ്എസ് ഏജൻ്റാണെന്ന് വിശേഷിപ്പിച്ചതിനാണ് നാഗ്പൂർ സെൻട്രൽ കോൺഗ്രസ് സ്ഥാനാർത്ഥി ബണ്ടി ഷെൽക്കെയ്ക്ക് നേതൃത്തം നോട്ടീസ് നൽകിയത് . നോട്ടീസിന് താൻ മറുപടി നൽകിയിട്ടുണ്ടെന്നും എന്നാൽ തൻ്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്നും ഷെൽക്കെ പറഞ്ഞു.
ഞാൻ രാഹുൽ ഗാന്ധിയുടെ വിശ്വസ്ത സേവകനാണ്, തനിക്ക് ഒന്നിനെയും ഭയപ്പെടേണ്ടെ.പട്ടോളെയുടെ പ്രവർത്തനം കോൺഗ്രസ് പ്രവർത്തകരുടെ മനോഭാവത്തിന് എതിരാണ്, അതിനാൽ ഞാൻ അദ്ദേഹത്തെ ആർഎസ്എസ് ഏജൻ്റ് എന്ന് വിളിക്കുന്നു എന്നും താൻ കോൺഗ്രസിൻ്റെ വിശ്വസ്ത പ്രവർത്തകനായി തുടരുമെന്നും കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .