വിഴിഞ്ഞം വിജിഎഫില്‍ മലക്കം മറിഞ്ഞ് കേന്ദ്രം; സഹായം വായ്പയാക്കി, കേരളം തിരിച്ചടയ്ക്കണം

0

തിരുവനന്തപുരം∙ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിനു ധനസഹായം നല്‍കുന്നതില്‍ കേരളത്തെ വെട്ടിലാക്കി കേന്ദ്രസര്‍ക്കാരിന്റെ മലക്കം മറിച്ചില്‍. പദ്ധതിക്കായി കേന്ദ്രം ആകെ നല്‍കാമെന്നു പറഞ്ഞിരുന്ന 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) വായ്പയായാണു നല്‍കുന്നതെന്നും കേരളം ഇതു പലിശസഹിതം തിരിച്ചടയ്ക്കണമെന്നുമാണു കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തിനു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന കേന്ദ്രനടപടിക്കെതിരെ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനു മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.  വിജിഎഫ് ലഭിക്കാന്‍ ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണു കേന്ദ്രത്തിന്റെ നടപടി.

ഇതു പുനഃപരിശോധിക്കണമെന്നു കേന്ദ്രധനമന്ത്രിക്കുള്ള കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ തൂത്തുക്കുടി തുറമുഖത്തിനു വിജിഎഫ് അനുവദിച്ചപ്പോള്‍ നിഷ്‌കര്‍ഷിക്കാതിരുന്ന ഉപാധികളാണ് വിഴിഞ്ഞത്ത് കേന്ദ്രം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പബ്ലിക് പ്രൈവറ്റ് പാര്‍ട്ട്ണര്‍ഷിപ്പ് (പിപിപി) മോഡല്‍ പദ്ധതികള്‍ക്കു സഹായം നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടിങ് വിഴിഞ്ഞത്തിന് അനുവദിക്കാന്‍ 2015 ഫെബ്രുവരി മൂന്നിനാണു തീരുമാനമെടുത്തത്.  തുടര്‍ന്ന് ധനമന്ത്രാലയത്തിനു കീഴിയുള്ള സാമ്പത്തികകാര്യ വകുപ്പ് നിയോഗിച്ച ഉന്നതതല സമിതി യോഗം ചേര്‍ന്ന് 817.80 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ ഇപ്പോള്‍ വിജിഎഫ് ലഭിക്കാനുള്ള ഉപാധിയായി, കേന്ദ്രം നല്‍കിയ പണം സംസ്ഥാന സര്‍ക്കാര്‍ നെറ്റ് പ്രസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തിരിച്ചടയ്ക്കണമെന്നാണ് ഉന്നതാധികാര സമിതി നിഷ്‌കര്‍ഷിക്കുന്നതെന്നു മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.  കേന്ദ്രസഹായം ഇല്ലാതെ പ്രവര്‍ത്തികമാക്കാന്‍ കഴിയാത്ത പിപിപി നിര്‍മാണങ്ങള്‍ക്കുള്ള ധനസഹായമെന്ന നിലയിലാണ് വിജിഎഫ് നല്‍കേണ്ടതെന്നും വായ്പയായല്ല നല്‍കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേന്ദ്രവും കേരളവും ചേര്‍ന്നാണു നിര്‍മാണ കമ്പനിക്ക് വിജിഎഫ് നല്‍കാമെന്നു സമ്മതിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പണം വായ്പയായി നല്‍കാമെന്ന കേന്ദ്ര നിലപാട് വിജിഎഫ് ആശയത്തിന് എതിരാണ്.

8867 കോടി ചെലവു വരുന്ന വിഴിഞ്ഞം പദ്ധതിക്ക് കേരളം 5595 കോടി രൂപയാണ് മുതല്‍മുടക്കുന്നത്. പരിമിതമായ സാമ്പത്തിക ശ്രോതസുകളുള്ള ഒരു ചെറിയ സംസ്ഥാനമായ കേരളത്തിന്റെ സ്ഥിതി അനുസരിച്ച് ഇതുതന്നെ വലിയ നിക്ഷേപമാണ്. ഇതിനു പുറമേ 817.80 കോടി രൂപ കൂടി പലിശ സഹിതം തിരിച്ചടയ്ക്കണമെന്നു പറയുന്നത് സംസ്ഥാനത്തിന് 10,00012,000 കോടി രൂപയുടെ ബാധ്യത സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  2024 ഡിസംബറില്‍ വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്നതോടെ കസ്റ്റംസ് തീരുവ ഇനത്തില്‍ വലിയ വരുമാനമാണ് കേന്ദ്രത്തിനു ലഭിക്കാന്‍ പോകുന്നത്. കസ്റ്റംസ് തീരുവയായി ഒരു രൂപ ഈടാക്കുമ്പോള്‍ 60 പൈസയും കേന്ദ്രത്തിനാണു കിട്ടുക.

കേരളത്തിനു കേന്ദ്രനികുതി ഇനത്തില്‍ വെറും 3 പൈസ മാത്രമാവും ലഭിക്കുക. കുറഞ്ഞ തോതില്‍ കണക്കുകൂട്ടിയാല്‍ പോലും വിഴിഞ്ഞത്തുനിന്നു പ്രതിവര്‍ഷം 10,000 കോടി രൂപയുടെ കസ്റ്റസ് തീരുവ ലഭിക്കും. ഇതോടെ കേന്ദ്രത്തിന് 6,000 കോടി രൂപയുടെ വരുമാനമാണ് പ്രതിവര്‍ഷം ലഭിക്കാന്‍ പോകുന്നത്. പരോക്ഷമായ നേട്ടങ്ങള്‍ രാജ്യത്തിനു വേറെയും ലഭിക്കുമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.  തൂത്തുക്കുടി തുറമുഖത്തിന്റെ ഔട്ടര്‍ ഹാര്‍ബര്‍ പദ്ധതിക്കും കേന്ദ്ര സാമ്പത്തികകാര്യമന്ത്രാലയം 2023 നവംബറില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിഴിഞ്ഞത്തിന്റെ മാതൃകയില്‍ തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്.

എന്നാല്‍ ഇവിടെ വിജിഎഫ് തിരിച്ചടയ്ക്കണമെന്ന ഉപാധി ഇല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ വിഴിഞ്ഞത്തിനും അതേ പരിഗണന നല്‍കണമെന്ന് കേന്ദ്രധനമന്ത്രിയോടു മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ  മലക്കം മറിച്ചിലോടെ വിഴിഞ്ഞം പദ്ധതി പ്രതിസന്ധിയിലേക്കു നീങ്ങുമെന്ന സൂചനയാണു ലഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ തീരുമാനം കഴിഞ്ഞ മാസം അവസാനമാണ് കേരള സര്‍ക്കാര്‍ അറിയുന്നത്.  വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭ്യമാകുന്നതിനുള്ള ത്രികക്ഷി കരാര്‍ ഒപ്പുവയ്ക്കുന്നതിന് വ്യവസ്ഥകളോടെ അനുമതി നല്‍കാന്‍ ഫെബ്രുവരിയില്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം നിര്‍മാണ കമ്പനിയായ അദാനി വിഴിഞ്ഞം പ്രൈവറ്റ് പോര്‍ട്ട് ലിമിറ്റഡ് (എവിപിപിഎല്‍) 2019 ഡിസംബര്‍-3നാണ് പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. എന്നാല്‍, നിശ്ചിത സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഓഖി, പ്രളയം തുടങ്ങിയ 16 കാരണങ്ങള്‍ മൂലമാണ് പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയാത്തതെന്നും കാലാവധി നീട്ടി നല്‍കണമെന്നും അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് (വിഐഎസ്എല്‍) നിരസിച്ചു.

തുടര്‍ന്ന് ഇരുപക്ഷവും ആര്‍ബിട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ആര്‍ബിട്രേഷന്‍ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്കു നയിക്കുമെന്നതും പദ്ധതി പൂര്‍ത്തീകരണത്തിനു വലിയ കാലതാമസമുണ്ടാകുമെന്നതും വയബിലിറ്റി ഗ്യാപ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ക്കു മന്ത്രിസഭ അംഗീകാരം നല്‍കിയത്. 3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് എവിപിപിഎല്‍ ആര്‍ബിട്രേഷന്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

911 കോടിയുടെ കൗണ്ടര്‍ ക്ലെയിമാണ് വിഐഎസ്എല്‍ ഉന്നയിച്ചിരിക്കുന്നത്. ആര്‍ബിട്രേഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കണമെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. പദ്ധതി പൂര്‍ത്തിയാക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ മാപ്പാക്കി വ്യവസ്ഥകളോടെ അഞ്ചുവര്‍ഷം ദീര്‍ഘിപ്പിച്ചു നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതനുസരിച്ച് പൂര്‍ത്തീകരണ തീയതി 2024 ഡിസംബര്‍ 3 ആയിരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *