വിഴിഞ്ഞം പദ്ധതി; വൈറലായി ഉമ്മന്‍ചാണ്ടിയുടെ പ്രസംഗം
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ രാഷ്ട്രീയപ്പോര് കനക്കുമ്പോൾ, മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയിൽ നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോയപ്പോൾ 6000 കോടിരൂപയുടെ റിയൽ എസ്റ്റേറ്റ് ഇടപാട് ആണെന്നായിരുന്നു എൽഡിഎഫ് ആരോപണം. പിന്നീട് എൽഡിഎഫ് സർക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. എൽഡിഎഫ് നിയമസഭയിൽ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ ഉമ്മൻചാണ്ടി നൽകിയ മറുപടി കോൺഗ്രസ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. 2015 ഡിസംബർ അഞ്ചിനാണ് ഉമ്മൻചാണ്ടി തുറമുഖത്തിന് തറക്കല്ലിട്ടത്. പൂർത്തീകരിച്ചത് പിണറായി സർക്കാരും. ഉമ്മന്‍ചാണ്ടി നിയമസഭയിൽ പറഞ്ഞത്:‘‘ ഒരു കാര്യം വ്യക്തമാണ്. സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് ഈ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കിയിരിക്കും, യാതൊരു സംശയവും വേണ്ട. നിങ്ങൾ ഏത് സംശയവും പറഞ്ഞോളൂ. ഏത് നിർദേശവും വച്ചോളൂ. അതൊക്കെ സ്വീകരിക്കാവുന്നത് മുഴുവൻ സ്വീകരിക്കാൻ തയാറാണ്. അഴിമതി ആരോപണം ഉന്നയിച്ച് ഇത് ഇല്ലാതാക്കാമെന്ന് വിചാരിച്ചാൽ നടക്കില്ല എന്നു പറയാൻ ആഗ്രഹിക്കുകയാണ്’’.