വിഴിഞ്ഞം തുറമുഖം ട്രയൽ ഓപ്പറേഷൻ 2024 ജൂലൈ 12 ന് ആരംഭിക്കും

0

തിരുവനന്തപുരം :  വിഴിഞ്ഞം തുറമുഖം പദ്ധതി യാഥാർഥ്യമായിരിക്കുന്നുവെന്നും ട്രയൽ ഓപ്പറേഷൻ 2024 ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു. അത്യാധുനിക ഉപകരണങ്ങളും അത്യാധുനിക ഓട്ടമേഷൻ, ഐടി സംവിധാനങ്ങളും ഉള്ള ഇന്ത്യയിലെ ആദ്യത്തേ സെമി ഓട്ടമേറ്റഡ് തുറമുഖമായ വിഴിഞ്ഞം 2024 സെപ്റ്റംബറിലോ ഒക്ടോബറിലോ കമ്മിഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ 12ന് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ’യെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോണോവാൽ പങ്കെടുക്കും. ജൂലൈ 12ന് ആരംഭിക്കുന്ന ട്രയൽ ഓപ്പറേഷൻ 2 മുതൽ 3 മാസം വരെ തുടരും. ട്രയൽ ഓപ്പറേഷൻ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയൽ റൺ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ, 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്‌നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുറമുഖത്തിന്റെ പൂർണതോതിലുള്ള കമ്മിഷനിങ് സെപ്റ്റംബർ/ഒക്ടോബർ മാസങ്ങളിൽ നടത്താനാകുമെന്നാണ് പ്രതീക്ഷ.

ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ പിന്നാലെ എത്തും. വലിയ കപ്പലുകൾ തുറമുഖത്ത് കണ്ടയ്നർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടുപോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാൻസ്‌ഷിപ്മെന്റ് പൂർണതോതിൽ നടക്കുമെന്നും മന്ത്രി പറഞ്ഞു.

വാണിജ്യ കപ്പലുകൾ കൈകാര്യം ചെയ്യുന്നതിനായി വിഴിഞ്ഞം തുറമുഖത്തിന് താൽക്കാലിക എൻഎസ്പിസി ക്ലിയറൻസ് 2024 ജൂലൈ 2ന് ലഭിച്ചു, 2024 സെപ്റ്റംബർ 30 വരെയാണ് കാലാവധി. കപ്പലുകളുടെയും തുറമുഖ സൗകര്യങ്ങളുടെയും (ഐഎസ്പിഎസ് കോഡ്) സുരക്ഷയ്ക്കായി പോർട്ട് ഫെസിലിറ്റി ഇന്റർനാഷനൽ കോഡ് 2024 ഏപ്രിൽ 2ന് ലഭിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെ കസ്റ്റംസ് തുറമുഖമായി അംഗീകരിക്കുന്ന രേഖ 2024 ജൂൺ 15നാണ് ലഭിച്ചത്. തുടർന്ന് തുറമുഖത്തിന്റെ ലൊക്കേഷൻ കോഡ് ജൂൺ 21ന് ലഭിച്ചു.

ലാൻഡിങ് സ്ഥലത്തിന്റെ അംഗീകാരത്തിനും സെക്ഷൻ 8 പ്രകാരം കസ്റ്റംസ് ഏരിയയുടെ പരിധി വ്യക്തമാക്കുന്നതിനുമുള്ള സർട്ടിഫിക്കറ്റ് ജൂൺ 24ന് ലഭിച്ചു. 1962ലെ കസ്റ്റംസ് ആക്ടിന്റെ സെക്ഷൻ 45 പ്രകാരം കസ്റ്റംസ് ഏരിയാ റെഗുലേഷൻസ്, 2009 ലെ ചരക്ക് കൈകാര്യം ചെയ്യുന്നതിന്റെ റെഗുലേഷൻ 5 പ്രകാരം കാസ്റ്റോഡിയൻഷിപ്പ് ജൂൺ 24-ന് ലഭിച്ചു. ഇലക്‌ട്രോണിക് ഡാറ്റ ഇന്റർചേഞ്ച് കസ്റ്റോഡിയൻ കോഡ് അംഗീകാരത്തിനായി കാത്തിരിക്കുന്നു. ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് (ഐസിപി) ക്ലിയറൻസിനായി കാത്തിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *