വിഴിഞ്ഞം തുറമുഖം: വിജിഎഫ് തിരിച്ചടക്കണമെന്ന നിബന്ധന പിന്‍വലിക്കണം

0

തിരുവനന്തപുരം: വിഴിഞ്ഞം തുറുമുഖത്തിന് അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) തിരിച്ചടയ്ക്കണമെന്ന നിബന്ധനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനം പല തവണയായി വിജിഎഫ് തിരിച്ചടയ്ക്കണമെന്ന കേന്ദ്രകാര്യ മന്ത്രാലയത്തിന്റെ നിബന്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. വിജിഎഫ് ആയി അനുവദിച്ചിരിക്കുന്ന 817.80 കോടി രൂപ നെറ്റ് പ്രസന്റ് വാല്യു (എന്‍പിവി) മാതൃകയില്‍ തിരിച്ചടയ്ക്കാന്‍ 10,000 മുതല്‍ 12,000 കോടിരൂപ വരെ വേണ്ടിവരും. പിപിപി മാതൃകയില്‍ വികസിപ്പിക്കുന്ന വിഴിഞ്ഞം പദ്ധതിക്ക് ആകെ വേണ്ടിവരുന്ന 8867 കോടിയില്‍ 5554 കോടി രൂപയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

ഇതിനായി ധനകാര്യ മന്ത്രാലയം 817.80 കോടി രൂപ വിജിഎഫ് അനുവദിച്ചിരുന്നു. എന്നാല്‍ കേരള സര്‍ക്കാര്‍ നെറ്റ് പ്രെസന്റ് വാല്യൂ (എന്‍പിവി) പ്രകാരം തുക കേന്ദ്രത്തിനു തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയാണ് മന്ത്രാലയം വച്ചിരിക്കുന്നത്. ഒറ്റത്തവണ ഗ്രാന്റ് അല്ലാതെ വായ്പയായാണ് പണം എന്നത് വിജിഎഫ് വ്യവസ്ഥകള്‍ക്കു വിരുദ്ധമാണ്. ഈ നിബന്ധന ഒഴിവാക്കണമെന്ന് സംസ്ഥാനം പലവട്ടം ആവശ്യപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി കത്തില്‍ പറഞ്ഞു.

പിപിപി സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വിജിഎഫ് നടപ്പാക്കുന്നത്. ഇത് വായ്പയായല്ല മറിച്ച് സഹായമായാണ് നല്‍കുന്നതെന്നാണ് വിജിഎഫ് മാനദണ്ഡങ്ങളില്‍ തന്നെ പറയുന്നത്. 2005ല്‍ ഇതു നടപ്പാക്കിയതു മുതല്‍ കേന്ദ്ര ധനമന്ത്രാലയം 1.19 ലക്ഷം കോടിയുടെ 238 പദ്ധതികള്‍ക്കായി 23,665 കോടി രൂപ വിജിഎഫ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഴിഞ്ഞത്തിന് ഒഴികെ ഒരു തവണ പോലും തിരിച്ചടവ് ആവശ്യപ്പെട്ടിട്ടില്ല. 2023ല്‍ വിജിഎഫ് അനുവദിച്ച തൂത്തുക്കുടി തുറമുഖ പദ്ധതിക്കും തിരിച്ചടവ് നിബന്ധന വച്ചിട്ടില്ല.

ദേശീയസാമ്പത്തിക രംഗത്തിനും കേന്ദ്രസര്‍ക്കാരിനും വിഴിഞ്ഞം പദ്ധതിയിലൂടെ ലഭിക്കുന്ന അധികവരുമാനം കണക്കിലെടുത്ത് തൂത്തുക്കുടിക്കു നല്‍കുന്ന പരിഗണന തന്നെ വിഴിഞ്ഞത്തിനും നല്‍കണം. ഈ സാഹചര്യത്തില്‍ തിരിച്ചടവ് നിബന്ധന ഒഴിവാക്കി വിജിഎഫ് അനുവദിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *