വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദര്‍ഷിപ്; സാന്‍ ഫെര്‍ണാണ്ടോയ്ക്ക് വാട്ടർ സല്യൂട്ട്.

0

തിരുവനന്തപുരം∙ കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ് സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകി കപ്പലിനെ സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികൾ കപ്പലിനെ സ്വീകരിച്ചത്. മദർഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റൻ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിൽനിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടർ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകൾക്കൊപ്പമാണ് കപ്പൽ വിഴിഞ്ഞത്തേക്ക് എത്തിയത്. തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥർ ടഗിലുണ്ടായിരുന്നു. രാവിലെ 7.15 ഓടെയാണ് കപ്പൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടർ ഏരിയയിലെത്തിയത്.

സിയാമെൻ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കിയാണ് സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്ക്കിന്റെ ഈ കപ്പലിന് ഒൻപത് വർഷം പഴക്കമുണ്ട്. മാർഷൽ ദ്വീപ് പതാകയേന്തിയ കപ്പൽ ജൂലൈ 2നാണ് സിയാമെനിൽനിന്ന് പുറപ്പെട്ടത്. രണ്ടായിരത്തിലേറെ കണ്ടെയ്നറുകളാണ് കപ്പലിലുള്ളത്. കപ്പലിന്റെ ബർത്തിങ് കഴിഞ്ഞാൽ ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസും നടക്കും. പബ്ലിക് ഹെൽത്ത് ഓഫിസർ നൽകുന്ന മെഡിക്കൽ ക്ലിയറൻസും വേണം. പിന്നാലെ കണ്ടെയ്നറുകൾ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റൻ ക്രെയിനുകളാകും ചരക്ക് ഇറക്കുക. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ് ടു ഷോർ ക്രെയ്നുകളും 23 യാർഡ് ക്രെയ്നുകളുമാണ് ഒരുക്കിയിരിക്കുന്നത്. ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാൻ കഴിയും. കൂറ്റൻ ഷിപ് ടു ഷോർ ക്രെയ്ൻ ഉപയോഗിച്ച് കണ്ടെ്യനറുകൾ കപ്പലിൽനിന്ന് ഇറക്കും. കപ്പലിൽ നിന്ന് കണ്ടെയ്നറുകൾ ടെർമിനൽ ട്രക്കുകളിലേക്ക് മാറ്റും. യാർഡ് ക്രെയ്നുകൾ ഉപയോഗിച്ച് കണ്ടെയ്നറുകൾ യാർഡിൽ അടുക്കിവയ്ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *