വെജ് ഭക്ഷണത്തെ ‘ഹിന്ദു’എന്നും നോൺ വെജ് ഭക്ഷണത്തെ ‘മുസ്‍ലിം’ എന്നും വേർതിരിച്ച് വിസ്താര എയര്‍ലൈന്‍
ഭക്ഷണം ഒരു സംസ്കാരമാണ്. ഒരോ പ്രദേശത്തും നൂറ്റാണ്ടുകളായി ജീവിച്ച് വരുന്ന ജനങ്ങള്‍ തങ്ങൾക്ക് ലഭ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിച്ച് തങ്ങളുടെതായ പ്രത്യേകതകളോടെ തയ്യാറാക്കുന്ന ഭക്ഷണത്തിന്‍റെ രുചിയും ഗുണവും അതാത് സംസ്കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. എന്നാല്‍ അതിന് മതത്തിന്‍റെ പരിവേഷം നല്‍കുന്നത്, മറ്റ് ജീവി വർഗങ്ങളില്‍ നിന്നും ഉയർന്ന ജീവിത മൂല്യം സൂക്ഷിക്കുന്നുവെന്ന് ധരിച്ചിരിക്കുന്ന മനുഷ്യന് ചേര്‍ന്നതല്ലെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളും പറയുന്നത്. ഇന്ത്യന്‍ എയർലൈനായ വിസ്താര എയർലൈന്‍റെ നടപടിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ആരതി ടിക്കൂ സിംഗ് തന്‍റെ എക്സ് ഹാന്‍റിലിലൂടെ പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്കുള്ള വിസ്താരയുടെ ടിക്കറ്റ് പങ്കുവച്ച് കൊണ്ട് ആരതി ഇങ്ങനെ എഴുതി, ‘എന്തുകൊണ്ടാണ് വെജിറ്റേറിയൻ ഭക്ഷണത്തെ “ഹിന്ദു ഭക്ഷണം” എന്നും ചിക്കൻ ഭക്ഷണത്തെ “മുസ്ലീം ഭക്ഷണം” എന്നും വിളിക്കുന്നത്? ഹിന്ദുക്കളെല്ലാം സസ്യാഹാരികളാണെന്നും മുസ്ലീങ്ങളെല്ലാം മാംസാഹാരികളാണെന്നും ആരാണ് നിങ്ങളോട് പറഞ്ഞത്? എന്തുകൊണ്ടാണ് നിങ്ങൾ ഭക്ഷണ തെരഞ്ഞെടുപ്പുകൾ ആളുകളുടെ മേൽ അടിച്ചേൽപ്പിക്കുന്നത്? ആരാണ് നിനക്ക് ഇത് ചെയ്യാന് അധികാരം തന്നത്? നിങ്ങൾ ഇപ്പോൾ പച്ചക്കറി, ചിക്കൻ, വിമാനത്തിലെ യാത്രക്കാരെയും വർഗീയവത്കരിക്കാൻ പോവുകയാണോ? ഈ ദയനീയമായ പെരുമാറ്റത്തിൽ ഞാൻ ഞെട്ടിപ്പോയി, നിങ്ങളുടെ ഓർഡർ ലംഘിക്കാൻ ഞാൻ രണ്ട് ഭക്ഷണവും ബുക്ക് ചെയ്തു. ” ഒപ്പം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് ടാഗ് ചെയ്ത് കൊണ്ട് ഇത് അന്വേഷിക്കണമെന്നും ആരതി കുറിച്ചു. ആരതിയുടെ കുറിപ്പ് ഇതിനകം പന്ത്രണ്ട് ലക്ഷം പേരാണ് കണ്ടത്.
അതേസമയം നിരവധി സമൂഹ മാധ്യമ ഉപയോക്താക്കള്‍ എയർലൈനുകള്‍ ഭക്ഷണ കോഡുകള്‍ക്കായി ഇത്തരം ചില കോഡുകള്‍ സ്വീകരിക്കുന്നത് സാധാരണമാണെന്നായിരുന്നു കുറിച്ചത്. ഇതിന്‍റെ നിരവധി ഉദാഹരണങ്ങള്‍ ചിലര്‍ പങ്കുവച്ചു. എയർലൈനുകൾ, കാറ്ററിംഗ് വിതരണക്കാർ, ഗ്രൗണ്ട് ഉദ്യോഗസ്ഥർ എന്നിവർക്ക് യാത്രക്കാരുടെ ഭക്ഷണ ആവശ്യകതകൾ യഥാവിധി കൈകാര്യം ചെയ്യുന്നതിനും കാര്യക്ഷമമായി ആശയവിനിമയം നടത്തുന്നതിനുമായി ഇന്‍റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (IATA) സ്റ്റാൻഡേർഡ് മീൽ കോഡുകൾ നൽകുന്നുണ്ടെന്നും ചിലര്‍ എഴുതി. ഒരു ഹിന്ദു ഭക്ഷണം (HNML) ഒരു “വെജ് ഭക്ഷണമല്ല” എന്ന് ഒരു ഉപയോക്താവ് വിശദീകരിച്ചു, കാരണം അത് “ഹലാൽ അല്ലാത്ത” ഒരു നോൺ വെജിറ്റേറിയൻ ഭക്ഷണമായിരിക്കാം. ഈ പദങ്ങൾ സാധാരണയായി വ്യോമയാന ഭാഷയിൽ ഉപയോഗിക്കപ്പെടുന്നു. അതുപോലെ, മുസ്ലീം ഭക്ഷണം (MOML) ഒരു ഹലാൽ, നോൺ വെജിറ്റേറിയൻ ഭക്ഷണമാണ്. വെജിറ്റേറിയൻ ഭക്ഷണം പൂർണ്ണമായും സസ്യാഹാരമാണ്. അതേസമയം “ഹലാൽ” എന്ന വാക്ക് ഇസ്ലാമിക ഭക്ഷണ നിയമങ്ങള്‍ പിന്തുടരുന്ന ഭക്ഷണത്തെ സൂചിപ്പിക്കുന്നു കൂടാതെ “നിയമപരം” എന്നാണ് ഈ വാക്കർത്ഥമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം നിരവധി ഭക്ഷണ കോഡുകള്‍ ലോകത്തെ ഏതാണ്ടെല്ലാ വ്യോമയാന സംവിധാനങ്ങളും ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അതേസമയം ഇത്തരം കാലഹരണപ്പെട്ടതും അമ്പരപ്പിക്കുന്നതുമായ ഭക്ഷണ കോഡുകൾ പുതുക്കാന്‍ ഐഎടിഎയോ അല്ലെങ്കില്‍ ഉത്തരവാദിത്വപ്പെട്ട മറ്റാരെങ്കിലുമോ തയ്യാറാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.