വിഷുവും ഐതീഹ്യവും

നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ മേൽ രാമൻ നേടിയ വിജയം ആഘോഷിക്കുവാനാണ് വിഷു എന്നാണ് ഒരു ഐതിഹ്യം. രാമൻ തന്നെ സീതയുമായി അയോദ്ധ്യയിൽ തിരിച്ചെത്തിയ ദിവസം ദീപാവലിയായും കൊണ്ടാടുന്നതെന്ന് മറ്റൊരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്.
ഒരു ഐതീഹ്യം ഇങ്ങനെയാണ് കണ്ണനെ തന്റെ കളിക്കൂട്ടുകാരനായി കണ്ടിരുന്ന ഒരു കുട്ടിയുണ്ടായിരുന്നു. ആ കുഞ്ഞിന് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളു. ശ്രീകൃഷ്ണ ഭഗവാന്റെ ബാലരൂപം കാണണം. കണ്ണനോടൊപ്പം കളിക്കണം. അവൻ അതിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. ആ കുഞ്ഞിന്റെ പ്രാർത്ഥനയിൽ മനം നിറഞ്ഞ ശ്രീകൃഷ്ണൻ ഉണ്ണിക്കണ്ണന്റെ രൂപത്തിൽ ആ ബാലന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. സന്തോഷംകൊണ്ട് ആ കുട്ടി കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. ശ്രീകൃഷ്ണൻ ബാലനോട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു. നിന്നെ കാണുന്നതല്ലാതെ മറ്റെന്തു കിട്ടാനാണ് എന്നാണ് ആ കുട്ടി കണ്ണീരോടെ മറുപടി പറഞ്ഞത്. ബാലന് തന്നോടുള്ള സ്നേഹത്തിൽ മനസ്സ് നിറഞ്ഞ ശ്രീ കൃഷ്ണൻ തന്റെ അരയിൽ അണിഞ്ഞിരുന്ന അരഞ്ഞാണം ആ ബാലന് സമ്മാനമായി നൽകി. ബാലൻ തനിക്ക് കണ്ണനിൽ നിന്നും കിട്ടിയ സമ്മാനം എന്ന പേരിൽ പലരെയും ആ അരപ്പട്ട കാണിച്ചു കൊടുത്തെങ്കിലും ആരും അവനെ വിശ്വസിച്ചില്ല. അടുത്ത ദിവസം അമ്പലത്തിലെ പൂജാരി നടതുറന്നപ്പോൾ കണ്ണന്റെ അരയിലെ അരപ്പട്ട കാണാതായത് ശ്രദ്ധിക്കുകയും ആ വാർത്ത നാട്ടിൽ പരക്കുകയും ചെയ്തു. പലരും ആ ബാലൻ കള്ളനാണെന്ന് മുദ്രകുത്തി അപമാനിക്കാൻ തുടങ്ങി. എന്നാൽ ആളുകൾ തന്റെ കുട്ടിയെ കള്ളനെന്ന് വിളിക്കുന്നത് കുട്ടിയുടെ അമ്മയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവർ പൊട്ടികരഞ്ഞുകൊണ്ട് ബാലനെ അടിച്ച് ചങ്ങല വലിച്ചെറിഞ്ഞു. ചങ്ങല ഒരു കൊന്ന മരത്തിൽ കുടുങ്ങി, മരം പെട്ടെന്ന് മഞ്ഞ പൂക്കൾ കൊണ്ട് വിരിഞ്ഞു. ശോഭനമായി. ഈ മരമാണ് കണിക്കൊന്ന എന്നറിയപ്പെടാൻ തുടങ്ങിയത്. ആ ദിവസമാണ് വിഷു എന്ന് ഐതീഹ്യം.